Dec 18, 2022

ഉപഗ്രഹ സർവ്വെയിലൂടെ തയാറാക്കിയ ബഫർസോൺ മാപ്പിങ് അപാകതകൾ എത്രയും വേഗം പരിഹരിക്കണം – കോൺഗ്രസ്.,


തിരുവമ്പാടി – പരിസ്ഥിതി ലോല മേഖല നിർണ്ണയിക്കുന്നതിന് സംസ്ഥാന സർക്കാർ KSREC യെ കൊണ്ട് നടത്തിച്ച ഉപഗ്രഹ സർവ്വെയുടെ റിപ്പോർട്ട് അപാകതകൾ നിറഞ്ഞതും അപൂർണ്ണവും അശാസ്ത്രീയവുമാണ്. വീട്, ജനസംഖ്യാ വിവരങ്ങൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഓരോ വില്ലേജിലെയും ജനസംഖ്യ എന്നിവയെ ഉൾപ്പെട്ടതായിരിക്കേണ്ടതാണ് കരട് രേഖ. എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതൊന്നും പൂർണ്ണമല്ല. കേരളത്തിലെ ഇരുപത്തിരണ്ട് സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള പരിസ്ഥിതി ലോല മേഖയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയെ കുറിച്ച് ഉപഗ്രഹ സർവ്വെ നടത്തി പുറത്തുവിട്ട കണക്കുകളിൽ അൻമ്പതിനായിരത്തിൽ താഴെ വീടുകളും കെട്ടിടങ്ങളും ഉണ്ട് എന്നാണ് പ്രാധമിക റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ നേരിട്ട് സ്ഥല പരിശോധന നടത്തിയാൽ രണ്ടു ലക്ഷത്തിൽ കൂടുതൽ വീടുകളും കെട്ടിടങ്ങളും ഉണ്ടാകുമെന്ന് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഉപഗ്രഹ സർവ്വെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയുന്നതല്ല. ഉടൻ തന്നെ ഫീൽഡ് സർവ്വെ നടത്തി ജനവാസ മേഖലകൾ നിർണ്ണയിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇപ്പോൾ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവ്വെ റിപ്പോർട്ട് വനം വകുപ്പിന് ലഭിച്ചിട്ട് മൂന്ന് മാസക്കാലം പ്രസിദ്ധീകരിക്കാതെ വനം വകുപ്പ് പൂഴ്ത്തി വെച്ചതും ദുരൂഹമാണ്. അടുത്ത മാസം സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ KSREC യുടെ ഇപ്പോൾ പുറത്തുവന്ന ധൃതി പിടിച്ച് വനം വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ കേരളത്തിന് തിരിച്ചടിയാകുമെന്നത് കൊണ്ട് എത്രയും വേഗം നേരിട്ട് സ്ഥല പരിശോധന നടത്തി കുറ്റമറ്റ രൂപത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.
സംരക്ഷിത വന പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ബഫർസോണിന്റെ പേരിൽ ഭീതിയിലായ മലയോര ജനതയെ രക്ഷിക്കുന്നതിന് ഏക പോംവഴി പരിസ്ഥിതി ലോല മേഖല, വനഭൂമിക്കുള്ളിൽ തന്നെ പരിമിധിപ്പെടുത്തുകയാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
ബഫർ സോണുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും വ്യക്തമാക്കി.
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തിരുവമ്പാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വയോഗം DCC പ്രസിഡന്റ് അഡ്വ: കെ.പ്രവീൺ കൂമാർ ഉദ്ഘാടനം ചെയ്തു. DCC ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
KPCC ജന: സെക്രട്ടറി കെ.കെ അബ്രഹാം, കണ്ണൂർ ജില്ലാ UDF ചെയർമാൻ ശ്രീ. പി.ടി മാത്യു, എം.ടി അഷ്റഫ്, പി സി മാത്യു, അബ്ദു കൊയങ്ങോറൻ, വി.പി റഷീദ്, സന്തോഷ് മാളിയേക്കൽ, സണ്ണി കാപ്പാട്ടുമല, ടോമി കൊന്നക്കൽ , അഷ്റഫ് കൊളക്കാടൻ, ടി.ടി സുലൈമാൻ , ചന്ദ്രൻ കപ്പിയേടത്ത്, ഇ.പി ഉണ്ണികൃഷ്ണൻ , മുഹമ്മദ് പാതിരിപ്പറമ്പൻ , ടോമി ഇല്ലിമൂട്ടിൽ, മുഹമ്മദ് ദിശാൽ, ലൈജു അരീപ്പറമ്പിൽ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only