അത്യാവശ്യമാണ്, 20,000 രൂപ ഉടൻ അയയ്ക്കണം’ എന്ന ആവശ്യവുമായി സുഹൃത്തുക്കളിൽ നിന്നു വാട്സാപ് സന്ദേശം ലഭിച്ചാൽ ചാടിക്കയറി പണമയയ്ക്കരുത്. അങ്ങനെയൊരു സന്ദേശത്തിനു പിന്നാലെ കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ സഹായമനസ്കത കാട്ടിയ മിഷൻ ക്വാർട്ടേഴ്സ് സ്വദേശിനിക്കു നഷ്ടപ്പെട്ടത് 10,000 രൂപ. മണ്ഡപത്ത് ലെയ്നിൽ താമസിക്കുന്ന പേളി ജോസ് ആണു വഞ്ചിക്കപ്പെട്ടത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആസൂത്രണം ചെയ്യപ്പെടുന്ന സൈബർ തട്ടിപ്പാണെന്നറിയാതെയായിരുന്നു പേളി ജോസ് പണം നൽകിയത്.
വെള്ളിയാഴ്ച വൈകിട്ടാണു സുഹൃത്തിന്റെ വാട്സാപ് സന്ദേശം ഇവർക്കു ലഭിച്ചത്.പ്രൊഫൈൽ ഫോട്ടോ സുഹൃത്തിന്റേതു തന്നെയായിരുന്നതിനാൽ സംശയമൊന്നും തോന്നിയില്ല.മറ്റൊരു നമ്പറിലേക്ക് ഉടൻ 20,000 രൂപ അയച്ചുനൽകണമെന്നായിരുന്നു നിർദേശം. അത്രയും പണം കയ്യിലില്ലെന്നും 10,000 രൂപ നൽകാമെന്നും പേളി മറുപടി നൽകി. പണം ഓൺലൈൻ ആയി അയച്ച ശേഷം സ്ക്രീൻഷോട്ട് വാട്സാപ്പിലൂടെ കൈമാറി.10,000 രൂപ കൂടി അയയ്ക്കാമോ എന്നു വീണ്ടും സന്ദേശമെത്തിയതോടെ സംശയം തോന്നി.അക്കൗണ്ടിൽ എത്ര രൂപ ബാക്കിയുണ്ടെന്ന ചോദ്യവും 2000 രൂപ എങ്കിലും അയച്ചുതരാമോ എന്ന യാചനയും പിന്നാലെയെത്തിയതോടെ സുഹൃത്തിനെ നേരിട്ടു ഫോണിൽ വിളിച്ചു.അപ്പോഴാണു സൈബർ തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. ഉടൻ ഈസ്റ്റ് പൊലീസിനും സൈബർ സെല്ലിനും പരാതി നൽകി.പണം സ്വീകരിച്ച അക്കൗണ്ട് മരവിപ്പിക്കാനേ തൽക്കാലം മാർഗമുള്ളൂ എന്നു സൈബർ സെൽ അറിയിച്ചതായി പേളി പറയുന്നു.സുഹൃത്തുക്കളിൽ നിന്ന് ഇത്തരം വാട്സാപ് സന്ദേശം ലഭിച്ചാൽ അവരെ നേരിട്ടു വിളിച്ചുറപ്പു വരുത്തിയ ശേഷമേ പണം നൽകാവൂ എന്നും പൊലീസ് നിർദേശിച്ചു
Post a Comment