കൊടുവള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ആവിലോറ കോട്ടക്കല്‍ അരീക്കര അമ്പു എന്ന അന്‍വറിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളി സ്വദേശിയെ അവലോക കോട്ടക്കലില്‍ വച്ച് കാര്‍ തടഞ്ഞ് ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് കേസ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കോടതിയില്‍ ഹാജര്‍ ആവാത്തതിനെ തുടര്‍ന്ന് താമരശ്ശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നിലമ്പൂരില്‍ 58 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നാം പ്രതിയായ അന്‍വറിനെതിരെ മഞ്ചേരി കോടതിയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഞ്ചാവ് കടത്തിയതിന് അന്‍വറിന് വേണ്ടിയാണെന്ന് അന്ന് പിടിയിലായ രണ്ട് പേര്‍ മൊഴി നല്‍കിയിരുന്നു. കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത നെര്‍ക്കോട്ടിക് കേസിലും കണ്ണൂരില്‍ മറ്റൊരു കേസിലും അന്‍വര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് നടക്കുന്നതിനിടെയാണ് അന്‍വര്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
Post a Comment