കറാച്ചി : ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന്‍ മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
'എങ്ങനെ മറുപടി നല്‍കണമെന്ന് പാകിസ്ഥാന് അറിയാം. ഞങ്ങളുടെ പക്കല്‍ ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ സ്ഥിതി നിശബ്ദത പാലിക്കാനുള്ളതല്ല. വേണ്ടിവന്നാല്‍ പിന്നോട്ട് പോകില്ല. അടിച്ചാല്‍ ഞങ്ങള്‍ ഒതുങ്ങിയിരിക്കില്ല. അതേ തീവ്രതയില്‍ തിരിച്ചടിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. " വാര്‍ത്താ സമ്മേളനത്തിനിടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ഷാസിയ പറഞ്ഞു.
എന്നാല്‍, പരാമര്‍ശം വിവാദമായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തലുമായി ഷാസിയ രംഗത്തെത്തി. പാകിസ്ഥാന്‍ ഉത്തരവാദിത്വ ബോധമുള്ള ആണവ രാഷ്ട്രമാണെന്നും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഷാസിയ പ്രതികരിച്ചു. ' ഇന്ത്യന്‍ മന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശങ്ങളോട് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യയേക്കാള്‍ വളരെ കൂടുതല്‍ ത്യാഗങ്ങള്‍ പാകിസ്ഥാന്‍ ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ തീവ്രവാദത്തെയും ഫാസിസത്തെയും പ്രോത്സാഹിപ്പിക്കുകയാണ് " ഷാസിയ ട്വീറ്റ് ചെയ്തു.
കഴിഞ്ഞാഴ്ച യു.എന്‍ രക്ഷാസമിതിയില്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ കാശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. അല്‍-ക്വ -ഇദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുകയും അയല്‍ രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് യു.എന്‍ വേദിയില്‍ 'ധര്‍മ്മോപദേശം" നടത്താനുള്ള യോഗ്യതയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തിരിച്ചടിച്ചിരുന്നു.
ഇതിന് പിന്നാലെ 'ഒസാമ ബിന്‍ ലാദന്‍ മരിച്ചു, എന്നാല്‍, ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്" എന്ന് മോദിയെ ലക്ഷ്യമിട്ട് ബിലാവല്‍ മറുപടി നല്‍കിയത് വിവാദമായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കേന്ദ്രമന്ത്രിമാരും ബിലാവലിനെതിരെ രംഗത്തെത്തുകയും ബി.ജെ.പി വ്യാപക പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
Post a Comment