മുക്കം: നീർനായയുടെ കടിയേറ്റ് ഉമ്മയ്ക്കും മകൾക്കും പരിക്ക്. ഇരുവഞ്ഞിപ്പുഴയിലെ മുക്കം പാറക്കടവിൽ വെച്ചാണ് ഉമ്മക്കും മകൾക്കും നീർനായയുടെ കടിയേറ്റത്. പാറക്കടവത്ത് സഹല, മകൾ നജ എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരുടെയും കാല് കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ട്.
നീർനായയുടെ കടിയിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ മാതാവ് സഹലയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരങ്ങളിൽ നീർനായ ആക്രമണം വ്യാപകമാണ്. ഇവിടെ വനംവകുപ്പിലെയും സിഡബ്ല്യുആർഡിഎമ്മിലെയും ഉദ്യോഗസ്ഥരുടെ സംഘം ദിവസങ്ങൾക്ക് മുൻപ് സന്ദർശനം നടത്തിയിരുന്നു.
ആവാസവ്യവസ്ഥകൾ നശിച്ചുകൊണ്ടിരിക്കുന്നതും ജലത്തിന്റെ ഗുണനിലവാരം കുറയുന്നതും മത്സ്യങ്ങളുടെ കുറവുമായിരിക്കാം നീർനായകൾ ആക്രമണസ്വഭാവത്തിലേക്ക് മാറാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. ആക്രമണം നടത്തുന്ന നീർനായകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ സമഗ്രനടപടി ഉണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
Post a Comment