സാധനം വാങ്ങിയ ശേഷം കള്ളനോട്ട് നല്‍കിയ സ്ത്രീയും അവര്‍ക്ക് കള്ളനോട്ട് എത്തിച്ചു നല്‍കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും പിടിയിലായി.
ചാരുംമൂട് ടൗണിലുളള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.താമരക്കുളം പേരൂര്‍കാരാണ്മ അക്ഷയ് നിവാസില്‍ ലേഖ (38), കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയില്‍ ക്ലീറ്റസ് (45) എന്നിവരെയാണ് നൂറനാട് സി.ഐ പി.ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ലേഖയാണ് കഴിഞ്ഞ ദിവസം വൈകിട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ 500 രൂപയുടെ കള്ളനോട്ടുമായി സാധനം വാങ്ങാന്‍ എത്തിയത്. ജീവനക്കാര്‍ വിവരം നൂറനാട് സ്റ്റേഷനില്‍ അറിയിച്ചതോടെ ഉടന്‍ പോലീസ് എത്തി പരിശോധിച്ചതില്‍ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന പേഴ്സില്‍നിന്നു 500 രൂപയുടെ വേറെയും കള്ളനോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെഅറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ലേഖയുടെ വീട് പരിശോധിക്കുകയും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.
തുടരന്വേഷണത്തില്‍ ഇവര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയത് കൊല്ലം ജില്ലയില്‍ ഈസ്റ്റ് കല്ലട കൊടുവിളമുറിയില്‍ പത്താം വാര്‍ഡില്‍ ക്ലീറ്റസ് ആണെന്ന് പോലീസ് മനസ്സിലാക്കുകയും ഇയാളെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കൈയില്‍നിന്നു 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.
ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ അംഗവും മുന്‍ പ്രസിഡന്‍റുമാണ് ക്ലീറ്റസെന്നും പോലീസ് പറഞ്ഞു. വീടുകയറി അക്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്നുംപോലീസ് അറിയിച്ചു. പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ ആയിരുന്നു മാറ്റിയെടുക്കുന്നതിനായി ക്ലീറ്റസ് ലേഖയ്ക്കു നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയ കടകളില്‍ കയറി 500 രൂപയുടെ കള്ളനോട്ടുകള്‍ മാറി. തിരക്കുള്ള സമയം കടയില്‍ കയറി ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയ ശേഷം 500ന്‍റെ കള്ളനോട്ടുകള്‍ നല്‍കുകയാണ് ചെയ്തിരുന്നത്
Post a Comment