കൊച്ചി: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയ പ്രതിജ്ഞക്കെതിരെ സമസ്ത. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജെന്‍ഡര്‍ ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കി നല്‍കിയ പ്രതിജ്ഞയിലെ സ്വത്തവകാശം സംബന്ധിച്ച ഭാഗത്തിനെതിരെയാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയത്. പ്രതിജ്ഞാ വാചകം ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നതെന്നാണ് വാദം. 'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്നാണ് കുടുംബശ്രീക്ക് കൈമാറിയ പ്രതിജ്ഞാ വാചകം.
സ്വത്തവകാശം സംബന്ധിച്ച് ഇസ്ലാമിക് മതഗ്രന്ഥമായ ഖുറാനില്‍ പരാമര്‍ശിച്ചിരിക്കുന്നത് 'ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്''. ഇതിന് വിരുദ്ധമായി പ്രതിജ്ഞവാചകം തയ്യാറാക്കിയത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനമാണെന്ന് എവൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ നാസര്‍ഫൈസി ചൂണ്ടികാട്ടി.
'സ്ത്രീയുടെ എല്ലാ ജീവിതചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റേയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലികാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്.' എന്നാണ് സമസ്തയുടെ വാദം.
2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന ജെന്റര്‍ ക്യാമ്പയിനില്‍ ചൊല്ലാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് കൈമാറിയ പ്രതിജ്ഞക്കെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തുന്നത്. സിഡിഎസ് തലത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടത്.
Post a Comment