കൊടുവള്ളി: എം ഡി എം എ യുമായി യുവാവ് കൊടുവള്ളിയില്‍ പോലീസിന്റെ പിടിയിലായി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ഗ്രാമോളം എം ഡി എം എ യും തൂക്കി വില്‍ക്കാനുള്ള ഇലക്ട്രോണിക് തുലാസ്, കവറുകള്‍, വലിക്കാനുള്ള ഉപകരണം എന്നിവ പിടിച്ചെടുത്തു. വിനോദ സഞ്ചാര കേന്ദ്രമായ നെടുമലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്. കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് കറുത്ത കൂളിംഗ് ഗ്ലാസ് പതിച്ച കെ എല്‍ 57 കെ 4333 നമ്പര്‍ കാര്‍ ശ്രദ്ധയില്‍ പെട്ടത്.
കാറിനുള്ളിലേക്കുള്ള കാഴ്ച പൂര്‍ണ്ണമായും മറച്ച രീതിയിലായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
വില്‍പ്പനക്കൊപ്പം മയക്കുമരുന്ന് ഉപയോഗത്തിനുള്ള സൗകര്യവും ജിസാര്‍ ഒരുക്കുന്നുണ്ട്. എസ്ഐ. എസ് ആര്‍ രശ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ കെ ലിനീഷ്, അബ്ദുല്‍ റഹീം, എന്‍ എം ജയരാജന്‍, സി പി ഒ മാരായ ഷെഫീഖ് നീലിയാനിക്കല്‍, സത്യരാജ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
Post a Comment