29 വർഷത്തെ നിസ്വാർത്ഥവും സ്തുത്യർഹമായ ആരോഗ്യ സംരക്ഷണ സേവനത്തിനു ശേഷം ഈ വരുന്ന ഡിസംബർ 31-ന് തിരുവമ്പാടി തൊണ്ടിമ്മൽ സ്വദേശി സി.ടി.ഗണേശൻ വിരമിക്കുന്നു. 1994-ൽ മലപ്പുറം ജില്ലയിലെ നെടിയിരിപ്പ് PHC യിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2022 ഡിസംബർ 31-ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ KMCHC യിൽ നിന്ന് ഹെൽത്ത് സൂപ്പർവൈസർ തസ്തികയിൽ നിന്നാണ് വിരമിക്കുന്നത്. സർവീസ് കാലയളവിൽ കയ്യൂർ, കോട്ടയം മലബാർ, എരഞ്ഞോളി, കൂടരഞ്ഞി ., കൊടുവള്ളി, മുക്കം, മമ്പാട് എന്നീ ആരോഗ്യ സ്ഥാപനങ്ങളിൽ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിലും പൊതുജനാരോഗ്യ പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിലും മികച്ച പ്രവർത്തങ്ങളാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.' 1939-ലെ മദിരാശി പൊതുജനാരോഗ്യ നിയമം, 2003-ലെ കേന്ദ്ര പുകയില നിയന്ത്രണ നിയമം,1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം, 2016-ലെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെൻറ് റൂൾ, 1994-ലെ കേരള മുൻസിപ്പൽ നിയമം, 2022-ലെ കേരളാ പബ്ളിക്ക് ഹെൽത്ത് ഓർഡിനൻസ് തുടങ്ങിയ നിയമങ്ങൾ കർശനമായി നടപ്പിലാക്കി പൊതുജനാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന - ജില്ലാതലത്തിൽ സംഘടനകളുടെ പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.. കോവിഡ് കാലഘട്ടത്തിൽ മമ്പാട്, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ രോഗം നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായി ഇടപ്പെടലുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ കേരളാ പൊതുജനാരോഗ്യ നിയമം നിർമ്മിക്കുന്നതിന് വേണ്ടി 2022-ൽ ഇറങ്ങിയ കേരളാ പബ്ളിക്ക് ഹെൽത്ത് ഓർഡിനൻസിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും വിവിധ സെക്ഷനുകളുടെ നിർവചനമാറ്റത്തെ സംബന്ധിച്ചും പുതിയ 55 ഇന നിർദ്ദേശങ്ങൾ പ്രായോഗിക പരിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ നിയമസഭാ സെലക്ട് കമ്മിറ്റിക്ക് വേണ്ടി തയ്യാറാക്കി നൽകിയതിലൂടെ ശ്രീ .ഗണേശൻ ശ്രദ്ധ നേടിയിരുന്നു.
Post a Comment