മുക്കം: പ്രായാധിക്യം കൊണ്ട് തളർന്നെങ്കിലും വേദിയ്ക്ക് മുന്നിലെത്തിയപ്പോൾ അവർ എല്ലാ അവശതകളും മറന്നു. ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കഥ പറഞ്ഞും അവർ വേദി നിറഞ്ഞു.
കുടുംബശ്രീയുടെ 25 വാർഷികത്തോടനുബന്ധിച്ച് മുക്കം സി ഡി എസ് സംഘടിപ്പിക്കുന്ന രജതോത്സവ്’ 22 ൻറെ ഭാഗമായി നടത്തിയ വയോജന സംഗമം കുട്ടിത്തത്തിന്റെ ഗതകാല സ്മരണകളിലേക്ക് കൊണ്ടുപോകുന്ന വേദിയായി. മുത്തശ്ശിമാരെയും മുത്തശ്ശൻമാരെയും സന്തോഷിപ്പിക്കാൻ ബാലസഭ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറിയിരുന്നു.
സംഗമം ബി പി മൊയ്തീൻ സേവാ മന്ദിർ ഡയരക്ടർ കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രജിത സിടി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പിടി ബാബു മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി കുഞ്ഞൻ, കൗൺസിലർമാരായ റംല ഗഫൂർ, സക്കീന കബീർ, വസന്തകുമാരി, ജോഷില പി, ബിജുന, രാജൻ എടോനി, ബിന്നി മനോജ്, ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. കാഞ്ഞിരമുഴി ഡിവിഷനിലെ താലോലം വയോജന അയൽകൂട്ടത്തിലെ 101 വയസ്സുള്ള ദേവകി അമ്മയെ ചടങ്ങിൽ ആദരിച്ചു. സി ഡി എസ് അംഗം ബിന്ദു പി സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ സൈറാ ബാനു നന്ദിയും പറഞ്ഞു.
Post a Comment