Dec 20, 2022

ലോകകപ്പ് ആരവമൊഴിഞ്ഞു, പുള്ളാവൂരിലെ താരങ്ങളുടെ കട്ടൗട്ടുകൾ നാളെ ആരാധകര്‍ നീക്കും


കോഴിക്കോട് : പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ നാളെ ആരാധകർ തന്നെ മാറ്റും. ലോകക്കപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകൾ നീക്കാൻ കൊടുവള്ളി നഗരസഭ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് രാവിലെ എട്ടുമണിക്ക് കട്ടൗട്ടുകൾ നീക്കുമെന്ന് ഫുട്ബോൾ ആരാധകർ അറിയിച്ചു. മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടാണ് പുള്ളാവൂരിലെ ആരാധകർ ചെറുപുഴയിൽ വെച്ചത്. ലോകക്കപ്പിന് ഒരു മാസം മുൻപ് തന്നെ ഉയർന്ന ഈ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയിരുന്നു.


ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ച‍ര്‍ച്ചയായി. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ആണ് ആദ്യം ഉയർന്നത്. അർജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. മാധ്യമങ്ങളിൽ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നതിന് തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ഉയർന്നു. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു.  

പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകൾ ഔദ്യോ​ഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തിരുന്നു. 


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only