കൊല്ലം: ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകൾ ജപ്തി ചെയ്തു തുടങ്ങി. വിവിധ ജില്ലകളിലായി ഇതുവരെ 24 നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്.
കൊല്ലത്ത് പിഎഫ്‌ഐ ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസർകോട് നാല് നേതാക്കളുടെയും സ്വത്തുക്കൾക്കൾ കണ്ടുകെട്ടി. എറണാകുളത്ത് ആറിടങ്ങളിലും തിരുവനന്തപുരത്ത് അഞ്ചിടത്തും ജപ്തി നടന്നു. വയനാട്ടിൽ 14 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വീകരിച്ചിരുന്നത്. സർക്കാറും കെഎസ്ആർടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ സെപ്തംബർ 29ന് ബഞ്ച് നിർദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് നേരത്തെ സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. ജപ്തി നടപടികൾ വേഗത്തിലാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബർ 23നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നൽ ഹർത്താൽ.
Post a Comment