Jan 19, 2023

കക്കാട് ജി.എൽ.പി സ്‌കൂളിലെ പുതിയ ക്ലാസ് റൂം ഉദ്ഘാടനവും 65-ാം വാർഷികാഘോഷ സംഘാടകസമിതി രൂപീകരണവും നാളെ


മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളിലെ നിലവിലുള്ള കെട്ടിടത്തിൽ പുതുതായി നിർമിച്ച ക്ലാസ് റൂമിന്റെയും ബാത്ത് റൂമിന്റെയും ഉദ്ഘാടനം നാളെ (വെള്ളി) ഉച്ചയ്ക്ക് 2.30ന് ലിന്റോ ജോസഫ് എം.എൽ.എ നിർവഹിക്കും.


ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അധ്യക്ഷത വഹിക്കും. തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയാകും.
 വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന, മുക്കം എ.ഇ.ഒ പി ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി മനോജ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.
ജോർജ് എം തോമസ് എം.എൽ.എയുടെ 2020-21 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ക്ലാസ് റൂം നിർമിച്ചിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ബാന്റ്‌മേളങ്ങളുടെ അകമ്പടിയോടെ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ സ്‌കൂളിലേക്ക് സ്വീകരിച്ചാനയിക്കും. സ്‌കൂളിന്റെ 65-ാമത് വാർഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണവും ചടങ്ങിൽ നടക്കും.
 പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച ചുവടുകളുമായി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ ഭൗതിക പശ്ചാത്തല സൗകര്യങ്ങൾക്കു വേണ്ടി നിരന്തരം ശ്രമിച്ചുവരികയാണ് സ്‌കൂൾ പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സ്‌കൂൾ വികസന സമിതി. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രവാസികളുടെയും നാട്ടുകാരായ സുമനസ്സുകളുടെയും സഹായത്തോടെ സ്‌കൂളിനോട് ചേർന്നുള്ള കണ്ടോളിപ്പാറയിൽ വാങ്ങിയ 22 സെന്റ് സ്ഥലത്താണ് സ്‌കൂളിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കുറ്റൻ ഹൈടെക് കെട്ടിട സമുച്ചയം പണിയുക. ഇതിനായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടര കോടിയോളം രൂപയാണ് ചെലവഴിക്കുക. ലോകോത്തര മാതൃകയിലുള്ള അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
 സ്‌കൂളിന്റെ 65-ാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 24ന് കക്കാട് കണ്ടോളിപ്പാറയിലെ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ നടക്കും. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ വിവിധ എൻഡോവ്‌മെന്റുകളുടെ വിതരണവും സ്‌കൂൾ വാർഷികത്തിൽ നടക്കും. പുതിയ ക്ലാസ് റൂം ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനും വാർഷികാഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഉൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താനും സ്‌കൂളിൽ ചേർന്ന പി.ടി.എ, എസ്.എം.സി, എം.പി.ടി.എ യോഗം തീരുമാനിച്ചു.👆🏻

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only