Jan 21, 2023

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാട് മാതൃക: ലിന്റോ ജോസഫ് എം.എൽ.എ


മുക്കം.കാരശ്ശേരി :

- കക്കാട് ജി.എൽ.പി സ്‌കൂളിലെ പുതിയ ക്ലാസ് റൂം ഉദ്ഘാടനംചെയ്തു
മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ കക്കാടിലെ ജനത മറ്റുള്ളവർക്ക് മാതൃകയാണെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. പുതിയ കാലത്തിന്റെയും വരാനിരിക്കുന്ന തലമുറയുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ചുവടുകളാണ് നാട്ടിൽ കാണുന്നതെന്നും ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

കക്കാട് ഗവ. എൽ.പി സ്‌കൂളിലെ നിലവിലുള്ള കെട്ടിടത്തിൽ പുതുതായി നിർമിച്ച ക്ലാസ് റൂമിന്റെയും ബാത്ത് റൂമിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.
സ്‌കൂളിനായി വാങ്ങിയ 22 സെന്റ് സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ പണിയാനിരിക്കുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി കൂടി ലഭിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും എം.എൽ.എ വ്യക്തമാക്കി.

 ലോകോത്തര മാതൃകയിൽ രണ്ടര കോടിയോളം രൂപ ചെലവഴിച്ച് പണിയുന്ന അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചതായും ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.
 ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അധ്യക്ഷത വഹിച്ചു. ഈ നാടിന്റെ വിദ്യാഭ്യാസ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് അവർ പറഞ്ഞു.  വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന, മുക്കം എ.ഇ.ഒ പി ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി പി.കെ മനോജ് കുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം തുടങ്ങിയവർ പ്രസംഗിച്ചു.
  ജോർജ് എം തോമസ് എം.എൽ.എയുടെ 2020-21 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ക്ലാസ് റൂം നിർമിച്ചത്. ബാന്റ്‌മേളങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ എം.എൽ.എയുടെ പി.എസ്. ഹനീഫ മാസ്റ്റർ, സ്‌കൂൾ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, സ്‌കൂളിലെ മുൻ പ്രധാനാധ്യാപകരായ സി.ടി അബ്ദുൽഗഫൂർ മാസ്റ്റർ, ഇ.പി മെഹറുന്നീസ ടീച്ചർ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേർ പങ്കാളികളായി.
 സ്‌കൂളിന്റെ 65-മത് വാർഷികാഘോഷത്തിന്റെ സംഘാടകസമിതിയും ചടങ്ങിൽ രൂപീകരിച്ചു. ഫെബ്രുവരി 24ന് നടക്കുന്ന വാർഷികാഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തും. പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച ചുവടുകളുമായി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ അക്കാദമിക്, ഭൗതിക പശ്ചാത്തല സൗകര്യങ്ങൾക്കു വേണ്ടി നിരന്തരം ശ്രമിച്ചുവരികയാണ് സ്‌കൂൾ സ്റ്റാഫും സ്‌കൂൾ പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സ്‌കൂൾ വികസന സമിതി. കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രവാസികളുടെയും നാട്ടുകാരായ സുമനസ്സുകളുടെയും സഹായത്തോടെയാണ് സ്‌കൂളിനാവശ്യമായ സ്ഥലം വിലകൊടുത്തു വാങ്ങിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only