താമരശ്ശേരി : വ്യാജ പാസ്പോർട്ട് ലഭിക്കുന്നതിന് സഹായികളായി പ്രവർത്തിച്ചുവെന്ന് കേസിലെ പ്രതികളായ പോസ്റ്റുമാനെയും പോസ്റ്റ് മാസ്റ്ററെയും പോലീസുകാരനെയും കുറ്റക്കാർ അല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. കേസിലെ 3, ,4, 5 പ്രതികളായ മേലാറ്റൂർ, വേങ്ങൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ ആയിരുന്ന ഭാസ്കരൻ, പോസ്റ്റ് മാസ്റ്റർ മുസമ്മിൽ ഖാൻ, മേലാറ്റൂർ പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് കാൺസ്റ്റബിൾ ഉമ്മർ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
പത്തനംതിട്ട സ്വദേശിയായ യുവതി വ്യാജ രേഖകൾ സമർപ്പിച്ച് പാസ്പോർട്ട് ലഭ്യമാക്കി എന്ന് ആരോപിച്ച് കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നേരിട്ട് 3,4,5 പ്രതികളെ വിട്ടയച്ചത്. കേസിലെ ഒന്നാം പ്രതിയായ യുവതി ഒളിവിൽ പോയതിനാൽ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ട്രാവൽ ഏജന്റ് ആയിരുന്ന രണ്ടാം പ്രതി കേസ് വിചാരണയ്ക്ക് മുമ്പേ മരണപ്പെട്ടിരുന്നു.
പാസ്പോർട്ടിലെ പേരും വിലാസം വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് പാസ്പോർട്ട് ഒന്നാം പ്രതിയുടെ കൈവശം എത്തിച്ചു എന്നതായിരുന്നു പോസ്റ്റ് മാനും പോസ്റ്റു മാസ്റ്റർക്കും എതിരെയുള്ള ആരോപണം. പാസ്പോർട്ട് അപേക്ഷയിലെ പേരും വിലാസം സത്യസന്ധമായി പരിശോധിക്കാതെ അപേക്ഷ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി എന്നായിരുന്നു പോലീസുകാരനെതിരെയുള്ള ആരോപണം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പാസ്പോർട്ട് നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് ചാർജ് ചെയ്തത്. സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കിയ ശേഷമാണ് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചത്. കോഴിക്കോട് പാസ്പോർട്ട് ഓഫീസ് സൂപ്രണ്ട് ഉൾപ്പെടെ 18 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രസക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതില്ലെന്ന് പ്രതിഭാഗം വാദിച്ചു പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് കെ പി ഫിലിപ്പ് അഡ്വക്കേറ്റ് അൻവർ സാദിഖ് മുക്കം എന്നിവർ കോടതിയിൽ ഹാജരായി.
Post a Comment