സ്വന്തമായി ഒരു കുടുംബവും കുട്ടികളും വേണമെന്നത് ഓരോ മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായി കരുതപ്പെടുന്ന സമൂഹമാണ് നമ്മുടേത്.എന്നാൽ സ്വന്തമായി ഒരു തിരഞ്ഞെടുപ്പിന് അവസരമുണ്ടെങ്കില്‍ അവിവാഹിതരായിഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താല്‍പര്യപ്പെടുന്നത് എന്ന് പറയുകയാണ് ഇന്ത്യയിലെ 81 ശതമാനം പെണ്‍കുട്ടികളും. ഡേറ്റിങ് ആപ്പായ ബംബിള്‍ നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം വെളിവാക്കുന്നത്.
ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരില്‍ അഞ്ചില്‍ രണ്ടുപേരും (39 ശതമാനം) പരമ്പരാഗത രീതിയില്‍ ജീവിതപങ്കാളികളെ കണ്ടെത്താന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതായാണ് പ്രതികരിച്ചിരിക്കുന്നത്. വിവാഹങ്ങള്‍ക്ക് അനുയോജ്യമായി കരുതപ്പെടുന്ന സമയങ്ങളില്‍ ദീര്‍ഘകാല ദാമ്ബത്യത്തിലേക്ക് കടക്കാന്‍ നാലുവശത്തു നിന്നും നിര്‍ബന്ധിക്കപ്പെടുന്നതായി 33 ശതമാനം ആളുകള്‍ പ്രതികരിക്കുന്നു. വിവാഹബന്ധത്തിനു നിര്‍ബന്ധിക്കുന്നതിനോടൊപ്പംതന്നെ ഒറ്റയ്ക്കുള്ള ജീവിതം നയിക്കുന്നവരെ മോശക്കാരായി കാണുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്.
വിവാഹപ്രായം എത്തിയിട്ടും കുടുംബ ബന്ധത്തിലേക്ക് കടക്കാത്തത് ഉടന്‍ പരിഹാരം കണ്ടെത്തേണ്ട ഒരു പ്രശ്നമാണെന്ന തരത്തിലാണ് സമൂഹവും ബന്ധുക്കളും നോക്കിക്കാണുന്നത്. വിവാഹം കഴിക്കാതെയുള്ള ജീവിതം ഒരു താല്‍ക്കാലിക അവസ്ഥ എന്നതിനപ്പുറം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉറച്ച തീരുമാനമായി അംഗീകരിക്കാന്‍ സമൂഹത്തിനു സാധിക്കുന്നില്ല. എന്നാല്‍ ഇന്ത്യക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ രീതിക്ക് മാറ്റം വന്നു തുടങ്ങുന്നതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. അവാഹിതരായ ഇന്ത്യക്കാര്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, തനിച്ചുള്ള ജീവിതം നയിക്കാന്‍ ബോധപൂര്‍വമായ ഉറച്ച തീരുമാനമെടുക്കുന്നതായും വ്യക്തിഗത താത്പര്യങ്ങള്‍ക്ക് സമൂഹത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതായുമാണ് സര്‍വ്വേയിലെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാനാവുന്നത്.
വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതല്‍ സുഖകരമായി തോന്നുന്നതായി 81 ശതമാനം പെണ്‍കുട്ടികളും പ്രതികരിച്ചിട്ടുണ്ട്. ഡേറ്റിങ്ങില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളുംമാറ്റിവയ്ക്കാനാവില്ല എന്നാണ് 63 ശതമാനവും പ്രതികരിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യനെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്തുന്ന കാലം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് 83 ശതമാനം പെണ്‍കുട്ടികളും പറയുന്നു.
അവിവാഹിത എന്നത് ഐഡന്റിറ്റിയുടെ ഭാഗമായി കാണാന്‍ പോലും സമൂഹത്തിന് മടിയില്ല. ഇക്കാരണംകൊണ്ട് ബന്ധുക്കള്‍ ഒത്തുചേരുന്ന ആഘോഷങ്ങളില്‍ പോകാന്‍ തന്നെ മടിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. സന്തോഷത്തോടെ പങ്കെടുക്കേണ്ട ആഘോഷങ്ങളില്‍ പലതിലും അവിവാഹിതയായിരിക്കുന്നത് ഒരു കുറവായി കണ്ട് കുറ്റപ്പെടുത്തുന്ന ആളുകളെ ഭയന്ന് അങ്ങേയറ്റം ഉത്കണ്ഠയോടെ പങ്കെടുക്കേണ്ടിവരുന്നതായി ഭൂരിഭാഗംപെണ്‍കുട്ടികളും പറയുന്നു.
Post a Comment