Jan 31, 2023

ചുരത്തില്‍ യൂസര്‍ഫീ. പ്രതിഷേധം കനക്കുന്നു


താമരശ്ശേരി : ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ (ഫെബ്രുവരി ഒന്ന്) മുതല്‍ യൂസര്‍ഫീ വാങ്ങാനാണ് നീക്കം. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കാനും ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.അതേസമയം നിലവില്‍തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായ ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തുന്നതോടെ ചുരം യാത്ര കൂടുതല്‍ ദുഷ്‌കരമാവുമെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. പഞ്ചായത്ത് അധികാരികള്‍ തീരുമാനം മാറ്റണമെന്ന് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധി അലി ബ്രാന്‍ കേരള കറസ്‌പോണ്ടന്റിനോട് പറഞ്ഞു. ഫീസ് വാങ്ങി ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിച്ചാല്‍ ചുരംവഴിയുള്ള യാത്രതന്നെ അസാധ്യമാവും. ഗ്രാമപഞ്ചായത്തിന് ഫീസ് വാങ്ങാന്‍ അധികാരമില്ലെന്നാണ് കരുതുന്നതെന്നും ചുരം യാത്ര സുഗമമാക്കാനുള്ള സംവിധാനമൊരുക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം പൊലീസിന്റെ പാര്‍ക്കിംഗ് നിരോധനമുള്ള ദേശീയപാതയില്‍ ഗ്രാമപഞ്ചായത്തിന് പാര്‍ക്കിംഗിന് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രതിഷേധംരേഖപ്പെടുത്തുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only