മലപ്പുറം: ഓൺലൈൻ ലോട്ടറി ചൂതാട്ടത്തിന് മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ച എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ. തേഞ്ഞിപ്പലം പള്ളിക്കൽ ബസാർ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹൽ എന്ന 25 കാരനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് എസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുനിന്നു പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ലോട്ടറി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. സ്വകാര്യ ഐടി കമ്പനി ഉദ്യോഗസ്ഥനായ ഇയാൾ ഒരു വർഷം മുമ്പാണ് സംഘത്തിലെ പ്രധാനിയായ തിരൂർ ആലത്തിയൂർ കുണ്ടനി സ്വദേശി അഹമ്മദ് ഷാഫി എന്നയാൾക്ക് ആപ്ലിക്കേഷൻ നിർമ്മിച്ചു നൽകിയത്. പ്രതിഫലമായി ഒരു ലക്ഷം രൂപയും പിന്നീട് മാസംതോറും പതിനായിരങ്ങൾ വീതവും കൈപ്പറ്റിയതായി അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിടിയിലായ അഹമ്മദ് ഷാഫിയെയും തൃപ്രങ്ങോട് കുരിക്കൾപ്പടി നാലകത്ത് അബ്ദുൾ ഗഫൂറിനേയും കേന്ദ്രീകരിച്ച് കേരളത്തിലുടനീളമുള്ള ഏജൻ്റുരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികൾ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും പോലീസ് അറിയിച്ചു. തിരൂർ സിഐ ജിജോ എം ജെ, എസ്ഐമാരായ ജിഷിൽ വി, സജേഷ് സി ജോസ്, പ്രമോദ്, എഎസ്ഐ ജയപ്രകാശ് സീനിയർ സിപിഒമാരായ രാജേഷ്, ഷിജിത്ത് സിപിഒമാരായ ഉണ്ണിക്കുട്ടൻ, ദിൽജിത്ത് എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post a Comment