വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തപാൽ വകുപ്പിൻ്റെ വാഹനത്തിന് മുകളിലേക്ക് മരം വീണത്. ആർക്കും പരിക്കുള്ളതായി വിവരമില്ല. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്ന്നെത്തിമരങ്ങൾ മുറിച്ചുമാറ്റി. കഴിഞ്ഞ കുറേ ദിവസങ്ങളായി ചുരത്തിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
വയനാട്ടിലെ ക്വാറി നിരോധനവും കല്ല് കയറ്റിയുള്ള വലിയ വാഹനങ്ങളുടെ ചുരം കയറ്റവും ചുരത്തിലെ ഗതാഗത തടസ്സത്തിൻ്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പേരിൽ വയനാട്ടിലെ ക്വാറികൾ ഒന്നൊന്നായി പ്രവർത്തനം നിലച്ചതോടെയാണ് കോഴിക്കോട് ജില്ലയിൽ നിന്നും കല്ല് കയറ്റി വലിയ വാഹനങ്ങൾ ചുരം കയറാൻ തുടങ്ങിയത്. നൂറിലധികം കൂറ്റൻ വാഹനങ്ങൾ ഇങ്ങനെ ദിനംപ്രതി വയനാട്ടിലേക്കെത്തുന്നുണ്ട്. ഇപ്പോൾ വയനാട്ടിൽ പല പ്രധാന റോഡുകളുടെയും ജോലികൾ നടന്നുവരികയാണ് .അതിനാൽ തന്നെ കല്ലുമായി ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. കൊവിഡിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതും വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതും ചുരത്തിലെ ഗതാഗതപ്രശ്നത്തിന് കാരണമാണ്.
പോലിസും ചുരം സംരക്ഷണ സമിതിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും ചുരത്തിൽ അപകടം കുറക്കാനും ഗതാഗതകുരുക്ക് കുറക്കാനും കഴിയുന്നില്ല. ബദൽ പാതയും റോപ് വേയും പോലുള്ള ശാശ്വത പരിഹാര മാർഗ്ഗങ്ങൾ യാഥാർത്യമാക്കാൻ ഭരണകൂടം തയ്യാറാവണമെന്നാണ് ആവശ്യം. സാധാരണക്കാരൻ ചുരത്തിൽ അനുഭവിക്കുന്ന യാതനകൾ അധികൃതർ കണ്ടില്ലന്ന് നടിക്കുകയാണന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇളകി നിൽക്കുന്ന പാറ വീണും കടപഴകി നിൽക്കുന്ന മരം വീണും ഇടക്ക് അപകടമുണ്ടാവുന്നുണ്ട്. വാഹനത്തിന് മുകളിൽ മരം വീണ് ഇന്നും ചുരത്തിൽ അപകടമുണ്ടായി.
Post a Comment