കൊച്ചി: മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി. മലപ്പുറം ബസ് സ്റ്റാൻഡിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് ഇവരെ പോലീസ് കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന സുഹൃത്തുക്കളായ ഒരാൺകുട്ടിയെയും രണ്ടു പെൺകുട്ടികളെയുമാണ് വെള്ളിയാഴ്ച മുളവുകാട് ഭാഗത്തുനിന്ന് കാണാതായത്. കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർ മനസ്സിലാക്കിയപ്പോൾ ബന്ധുവീടുകളിൽ തിരക്കി. അവിയെടും എത്തിയിട്ടില്ലെന്നറിഞ്ഞതോടെ മുളവുകാട് പോലീസിനെ സമീപിച്ചു.
സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരൻ, എറണാകുളം സെൻട്രൽ എ.സി.പി. അബ്ദുൾ സലാം, മുളവുകാട് എസ്.എച്ച്.ഒ. മഞ്ജിത്ത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ അന്വേഷണം തുടങ്ങി. മുളവുകാട്ടെ ജനപ്രതിനിധികളും അന്വേഷണം തുടങ്ങി. രണ്ടു കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അത് സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ, കുട്ടികൾ പാലക്കാടുണ്ടെന്നറിഞ്ഞ് പോലീസ് അവിടേക്ക് തിരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുട്ടികൾ മലപ്പുറത്ത് എത്തിയെന്ന വിവരം സൈബൽ സെല്ലിൽ നിന്ന് കിട്ടി. ഇതോടെ പോലീസ് അങ്ങോട്ട് പുറപ്പെട്ടു. മലപ്പുറം ബസ് സ്റ്റാൻഡിൽ കണ്ടത്തിയ കുട്ടികളെ അവിടെ വനിതാ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് എറണാകുളത്തേക്ക് കൊണ്ടുവന്നു.
എറണാകുളത്തുനിന്ന് തുടങ്ങിയ കുട്ടികളുടെ യാത്ര വൈറ്റില, കോട്ടയം, പാല, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് നീണ്ടുപോയി. പഠിത്തത്തിന്റെ പിരിമുറക്കം കുറയ്ക്കാനാഗ്രഹിച്ചതും ദൂരയാത്രയ്ക്കുള്ള ഇഷ്ടം സാധിക്കണമെന്നു കരുതിയതുമാണ് കുട്ടികളെ ഇത്തരത്തിൽ ചിന്തിക്കാനിടയാക്കിയതെന്ന് പോലീസ് അറിയിച്ചു. അന്വേഷണസംഘത്തിൽ മുളവുകാട് എസ്.ഐ. ശ്രീജിത്ത് വി., സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് കെ.ആർ., തോമസ് പോൾ എന്നിവരുമുണ്ടായിരുന്നു.
Post a Comment