ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസമരുളിയിരുന്ന ആ വെടിയൊച്ചകൾ ഇനിയില്ല .. ഏതു പാതിരാവിലും തങ്ങൾക്ക് ആശ്രയിക്കാമായിരുന്ന ബാലേട്ടൻ്റെ അകാലത്തിലുള്ള വിയോഗം തേങ്ങലായ് ഏറെക്കാലം മലയോരത്തെ വേട്ടയാടുക തന്നെ ചെയ്യും.കാരണം, കാടിറങ്ങിയെത്തുന്ന പന്നിക്കൂട്ടങ്ങൾ തങ്ങളുടെ ജീവിതോപാധിയായ കാർഷിക വിളകൾ നശിപ്പിക്കുന്നത് അവർക്ക് താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. ഇത്തരം സമയങ്ങളിൽ എല്ലാവർക്കും ഒരേപോലെ ആശ്രയിക്കാവുന്ന ഒരു പേരായിരുന്നു ബാലേട്ടൻ്റേത്.
മുക്കം കച്ചേരി തെക്കേക്കണ്ടിയിൽ സി.എം.ബാലൻ എന്ന നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട ബാലേട്ടൻ വനം വകുപ്പിലെ എംപാനൽ ഷൂട്ടർമാരിൽ അഗ്രഗണ്യനായിരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളില്യം പഞ്ചായത്തുകളിലുമെല്ലാം കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ, വിശിഷ്യാ പന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പിൻ്റെ ലൈസൻസുണ്ടായിരുന്ന ബാലേട്ടൻ്റെ സേവനം പല തവണ മലയോര ജനത നേരിട്ടനുഭവിച്ചതാണ്. രണ്ടു ദിവസം മുൻപ്, കറുത്തപറമ്പിന് സമീപം, വാഹനമിടിച്ച് ചത്ത പന്നിയെ റോഡിൽ നിന്ന് മാറ്റുന്നതിനിടെ, ഇരുചക്രവാഹനമിടിച്ച് വീണ ബാലേട്ടൻ കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.നാളെ രാവിലെയോടെ മറ്റു ചടങ്ങുകൾ പൂർത്തീകരിച്ച് ഉച്ചയോടെ സംസ്കാരം നടക്കുമെന്നാണ് വിവരം.
ബാലേട്ടൻ്റെ വെടിയേറ്റ് വീണ നൂറോളം പന്നികൾ നശിപ്പിച്ച നിരവധി കാർഷിക വിളകൾക്ക് മൂല്യം കണക്കാക്കാൻ വയ്യ ! ആ വെടിയൊച്ചകൾ ഇനി ഒരു പന്നിക്കൂട്ടത്തെയും ഭയപ്പെടുന്നില്ല. ബാലേട്ടൻ്റെ തോക്കിന് ഇനി പുതിയ കഥകൾ പറയാനാവില്ല. ആ തോക്കിൻക്കുഴലിലെ വെടിയുണ്ടകളിൽ ആശ്വാസമരുളാൻ ഇനി മലയോര കർഷകർക്കാവില്ല._
അധ്വാനത്തിൻ്റെ വിയർപ്പുതുള്ളികൾ പതിഞ്ഞ കാർഷിക സംസ്കാരത്തിന് ബാലേട്ടൻ്റെ വെടിയൊച്ചകൾ തീർത്ത കരുതൽ ഇതോടെ ഓർമ്മയാവുകയാണ്. ഒപ്പം ഒരു നല്ല മനുഷ്യനും! അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി നിറപ്രാർത്ഥനയ്ക്കൊപ്പം, നേരുന്നു ഒരു നാടിൻ്റെ കണ്ണീർ പ്രണാമം !
എൻ.ശശികുമാർ
Post a Comment