മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20) ആണ് മരത്തിൽ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. ഉടൻ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ ഒരാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 12നായിരുന്നു സംഭവം. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.
കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
അതേസമയം കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.
Post a Comment