ബെംഗളൂരു∙ തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണു മരിച്ച സ്കൂട്ടർ യാത്രിക തേജസ്വിനിയുടെ ഭർത്താവ് ലോഹിത്. നമ്മ മെട്രോ കെആർപുരം –ബെംഗളൂരു വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺനഗർ എച്ച്ബിആർ ലേയൗട്ടിൽ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. ഹൊറമാവ് സ്വദേശിനി തേജസ്വിനി (28), രണ്ടരവയസ്സുകാരനായ മകൻ വിഹാൻ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോഹിത്, മകൾ വിസ്മിത (രണ്ടര) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തു.
അതേസമയം, മെട്രോ തൂണിന്റെ നിർമാണ പ്രവർത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദൻ കുമാർ പറഞ്ഞു. ‘‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ല. ഇത്രയും ഉയരമുള്ള തൂണുകൾ നിർമിക്കാൻ ആരാണ് അനുമതി നൽകിയത്?. ഇതിന്റെ ടെൻഡർ റദ്ദാക്കണം. പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം’’– അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ തൂൺ നിർമാണത്തിന്റെ ചുമതലയുള്ള കരാറുകാരൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് തേജസ്വിനിയുടെ ഭര്‍തൃപിതാവ് വിജയകുമാർ ആരോപിച്ചു.
ഇന്നലെ രാവിലെ കുട്ടികളെ നഴ്സറിയിലാക്കാൻ ദമ്പതികൾ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. മെട്രോ തൂൺ സ്ഥാപിക്കാനുള്ള ഇരുമ്പ് കമ്പികൾ ഉപയോഗിച്ച ചട്ടക്കൂട് ഇവരുടെ സ്കൂട്ടറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) പ്രഖ്യാപിച്ചു. അപകടകാരണം കണ്ടെത്താനായി വിശദ പഠനം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനോട് അഭ്യർഥിച്ചതായി ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. ഒപ്പം വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കരാറുകാരനും ബന്ധപ്പെട്ട എൻജിനീയർമാർക്കും വിശദീകരണം തേടി നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ മെട്രോ നിർമാണം 2 ദിവസത്തേക്ക് നിർത്തിവച്ചു. ഗോവിന്ദപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അധികൃതരോട് വിശദീകരണം തേടിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം ശതമാനം കമ്മിഷൻ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണു സംഭവമെന്ന് കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ ആരോപിച്ചു.
തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ന്ന 15,300 ലീറ്റർ പാല്‍ പിടികൂടി
കൊല്ലം∙ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ വടിയൂരിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ പന്തളത്തേക്ക് കൊണ്ടുവന്ന 15,300 ലീറ്റര്‍ പാല്‍ ആണ് കൊല്ലം ആര്യങ്കാവ് അതിർത്തി ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് പിടികൂടിയത്.
ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തി. കൂടുതൽ ദിവസം പാൽ കേടുകൂടാതെയിരിക്കാനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേർക്കുന്നത്. ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകും.
സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പിൽ: പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി
കൊച്ചി∙ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി വാട്സാപ്പിലെ അശ്ലീല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ തെളിവുകളും പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ബിജുവിന്റെ ശബ്ദരേഖയും പുറത്തുവന്നു. വിദേശത്തുള്ളവരടക്കം ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ഇതിനായി പ്രത്യേക നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും ബിജു വെളിപ്പെടുത്തി.
അശ്ലീല ഗ്രൂപ്പില്‍ യാദൃച്ഛികമായി കയറിപ്പറ്റിയ നാട്ടുകാരനാണ് ബിജുവിനെ കയ്യോടെ പൊക്കിയത്. പൊലീസിലേക്ക് പരാതി നീണ്ടതോടെ ബിജു അടവ് മാറ്റി. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്നു ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നുപറഞ്ഞു.
ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശപ്രകാരമാണെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിലിരിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെ ബിജുവിനെ പാര്‍ട്ടി ആ സ്ഥാനത്തു നിന്ന് നീക്കി.
🔲അനധികൃത സ്വത്ത് സമ്പാദനം: എ.ഷാനവാസിനെതിരെ ഇഡിക്ക് പരാതി
ആലപ്പുഴ∙ കരുനാഗപ്പള്ളി ലഹരിക്കടത്തുകേസില്‍ സംശയനിഴലിലായ ആലപ്പുഴ നഗരസഭ സ്ഥിരസമിതി അധ്യക്ഷനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എ.ഷാനവാസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി. ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതി നൽകിയത്.
ലഹരിക്കേസിലെ പ്രതി ഇജാസ് ഇക്ബാലിനൊപ്പം ഷാനവാസ് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ, ഷാനവാസിനെ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ചേർന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന്റെ ശുപാർശ, പിന്നാലെ ചേർന്ന ആലപ്പുഴ നോർത്ത് ഏരിയ സെന്റർ യോഗം അംഗീകരിക്കുകയായിരുന്നു. ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെയും ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിയോഗിച്ചിട്ടുണ്ട്.
🔲സിപിഎം നേതാക്കൾ ലഹരി മാഫിയകളാകുന്നു; മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എന്ത് പറയാനുണ്ട്?’
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്തെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സിപിഎം കൗൺസിലറുടെ വാഹനത്തിൽനിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ ക്യാംപെയ്‌നുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സിപിഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ ക്യാംപെയ്‌ൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ട്.
ലഹരി -ഗുണ്ടാ മാഫിയകൾക്ക് പിന്നിൽ സിപിഎം നേതാക്കളാണെന്ന് തെളിവുസഹിതം ഡിസംബർ 9ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നതിന് നേതൃത്വം നൽകിയ ഷാനവാസ് സിപിഎം തണലിൽ കാലങ്ങളായി ഇത്തരം ഇടപാടുകൾ നടത്തിയിരുന്ന ആളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അശ്ലീല വിഡിയോയുമായി മറ്റൊരു നേതാവ് പിടിയിലായതും ആലപ്പുഴയിലാണ്.
ലഹരി മാഫികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയിൽ പല തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തുടർ ഭരണത്തിന്റെ ഹുങ്കിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ളവർ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തുടരുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും വി.ഡി.സതീശൻ പറഞ്ഞു..
തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിയെ കണ്ടെത്തി; അറ്റുപോയതെന്ന് നിഗമനം
തൃശൂർ∙ അതിരപ്പിള്ളി പ്ലാന്‍റേഷന്‍ തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയിൽ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. അമ്മയടക്കം അഞ്ച് ആനകളും ഒപ്പമുണ്ടായിരുന്നു. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണത്തിലോ, കുടുക്കില്‍ കുടുങ്ങിയോ തുമ്പിക്കൈ അറ്റതാകാമെന്നാണ് നിഗമനം. നാട്ടുകാരനായ സജിന്‍ ഷാജുവാണ് തുമ്പിക്കൈ ഇല്ലാതെ കുട്ടിയാനയെ കണ്ട വിവരം വനപാലകരെ അറിയിച്ചത്.
🔲സംഭവിക്കുന്നതെന്തും നല്ലതിന്; എന്റെ വലുപ്പം മേളങ്ങളുടെ വലുപ്പം: പെരുവനം കുട്ടൻ മാരാര്‍
തൃശൂർ∙ തൃശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി സ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കിയതിൽ പ്രതികരണവുമായി പെരുവനം കുട്ടൻ മാരാര്‍. സംഭവിക്കുന്നതെന്തും നല്ലതിനെന്ന് അദ്ദേഹം പറഞ്ഞു.
‘‘എന്റെ വലുപ്പം മേളങ്ങളുടെ വലുപ്പമാണ്. പ്രമാണം വഹിക്കാൻ കഴിഞ്ഞ പൂരങ്ങളുടെ വലുപ്പമാണ് എന്റേത്. കിഴക്കൂട്ട് അനിയന്‍ മാരാർ നല്ല കലാകാരനാണ്. എല്ലാവർക്കും അവസരം വേണം. എന്റെയും പാറമേക്കാവ് ദേവസ്വത്തിന്റെയും നല്ലതിനായിരിക്കും തീരുമാനം. എന്നും പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമായി തുടരും’’– അദ്ദേഹം പറഞ്ഞു. വേല സമയത്തുണ്ടായത് ആശയക്കുഴപ്പം മാത്രമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പെരുവനം കുട്ടൻ മാരാരെ തൃശൂർ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്തുനിന്ന് നീക്കിയത്. കിഴക്കൂട്ട് അനിയൻ മാരാരാണ് പുതിയ പ്രമാണി. 24 വർഷത്തിനു ശേഷമാണു കുട്ടൻ മാരാർ പുറത്തു പോകുന്നത്. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പിൽ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്നത്തിനിടക്കായത്.
മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
മലപ്പുറം ∙ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മേലാറ്റൂര്‍ സ്വദേശി മൻസൂർ അലിയെ ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിങ്ങിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് മേലാറ്റൂർ സ്വദേശിയായ റുബീനയെ ഭർത്താവ് മൻസൂർ അലി ആക്രമിച്ചത്. കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം.
17 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. മൻസൂര്‍ അലിയും റുബീനയും തമ്മില്‍ കുടുംബപ്രശ്നങ്ങളും കോടതിയില്‍ കേസുകളും തുടരുകയാണ്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസം. നേരത്തെയും പലവട്ടം വധശ്രമം ഉണ്ടായെന്ന് റുബീന പറയുന്നു. പിടിയിലായ മൻസൂര്‍ അലിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലത്’
തിരുവനന്തപുരം∙ ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കെ.മുരളീധരന്‍ എംപി. മറ്റുള്ളവര്‍ക്ക് അയോഗ്യത ഉണ്ടെന്ന് അതിന് അര്‍ഥമില്ല. തരൂരിനു മതനേതാക്കളുടെ പിന്തുണയുള്ളതു നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചെന്നും പിന്നെ വേണ്ടെന്നു തോന്നിയെന്നും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ വേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
‘‘നിയമസഭയിലേക്ക് മത്സരം നടക്കാൻ ഇനി മൂന്നേകാൽ വർഷം ബാക്കിയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് ഒന്നേകാൽ വർഷവും ബാക്കിയുണ്ട്. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പു ഫലങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. ഈ രണ്ടു കടമ്പകളും കടക്കുകയാണ് പാർട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമ്പോൾ ആരു നയിക്കുമെന്നുള്ള ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല.
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ കാണിച്ച് തിരഞ്ഞെടുപ്പ് നടത്താറില്ല. തിരഞ്ഞെടുപ്പിനു ശേഷം എംഎൽഎമാരുടെ അഭിപ്രായം കൂടി സ്വീകരിച്ചശേഷമാണ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത്. ആ രീതിക്ക് മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. അതിനർഥം മറ്റുള്ളവർക്ക് അയോഗ്യതയുണ്ടെന്നല്ല.’’– കെ.മുരളീധരൻ പറഞ്ഞു.
എല്ലാവരും നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു തെറ്റായ സന്ദേശം നൽകുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ ജയിക്കില്ലെന്നും തോൽവി ആദ്യം തന്നെ സമ്മതിച്ച പ്രതീതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെയാണ് ഇപ്പോഴത്തെ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ താൻ തയാറാണെന്നു പറഞ്ഞതെന്നും എന്നാൽ അക്കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
ആരെങ്കിലും സ്വന്തം വാഹനം ലഹരിക്കടത്തിന് നൽകുമോ?’; വിശദീകരണവുമായി എ.ഷാനവാസ്
ആലപ്പുഴ∙ കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ വിശദീകരണവുമായി, ലഹരിക്കടത്ത് കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയായ ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ എ.ഷാനവാസ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടുമെന്ന് ഷാനവാസ് പറഞ്ഞു. ‘‘ആരെങ്കിലും സ്വന്തം വാഹനം ലഹരിക്കടത്തിന് നൽകുമോ?. വാഹനം വാടകയ്ക്ക് നല്‍കിയ വിവരം യഥാസമയം പാര്‍ട്ടിയെ അറിയിച്ചില്ല. അത് തെറ്റാണ്. എന്ത് സമ്പാദിച്ചാലും അത് പാര്‍ട്ടിയെ അറിയിക്കേണ്ടതാണ്. വാഹനം വാടകയ്ക്ക് നല്‍കുമ്പോള്‍ കാണിക്കേണ്ട ജാഗ്രതയിലും വീഴ്ചയുണ്ടായി’’– അദ്ദേഹം പറഞ്ഞു.
‘‘തന്നെ മനഃപൂർവം പെടുത്താൻ ശ്രമിച്ചതായി സംശയമുണ്ട്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിൽ ദുഃഖമുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ എനിക്കുനേരെ വരുന്ന ഏതൊരു നടപടിയെയും രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാണ്. തെറ്റുതെളിഞ്ഞാൽ കൗൺസിലർ സ്ഥാനം ഉൾപ്പെടെ രാജിവയ്ക്കാൻ തയാറാണ്. ജീവിതത്തിൽ ആദ്യമായാണ് പിറന്നാൾ ആഘോഷിക്കുന്നത്. എന്നെ അറിയുന്നവരും അറിയാത്തവരുമായവരും പിറന്നാൾ പാർട്ടിയിൽ വന്നിരുന്നു’’– ഷാനവാസ് പറഞ്ഞു.
ലഹരി കടത്തുമായി ബന്ധമില്ലെന്നും വാഹനം താൻ വാടകയ്ക്കു കൊടുത്തതാണെന്നും ഷാനവാസ് നേരത്തേ വാദിച്ചിരുന്നു. ഇതിനിടെ, ലഹരിക്കടത്ത് കേസിലെ പ്രതിയോടൊപ്പം പിറന്നാൾ പാർട്ടി നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി ഷാനവാസിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അതിനിടെ, ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ മൂന്ന് സിപിഎം പ്രവർത്തകർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) പരാതി നൽകി.
Post a Comment