വയനാട്• ഗൂഡല്ലൂർ – മൈസൂരു പാതയിലെ മുതുമല – ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്കാർ കാട്ടാനകളുടെ ഫോട്ടോയെടുക്കുന്ന തിനെതിരെ നടപടി കർശനമാക്കി വനം വകുപ്പ്. വാഹനം നിർത്തിയിട്ട് ഫോട്ടോയെടുക്കുന്ന യാത്രക്കാരുടെ സംഘത്തിന് നേരെ ആനകൾ ആക്രമണത്തിന് തുനിയുന്നത് വർധിച്ച് സാഹചര്യത്തിലാണ് നടപടി. ഫോട്ടോയെടുക്കുന്നത് ക്യാമറയാണെങ്കിലും മൊബൈൽ ഫോണാണെങ്കിലും പിടിച്ചെടുക്കും. യാത്രക്കാരെത്തിയ വാഹനവും കസ്റ്റഡിയിലെടുക്കും. പിഴ ഈടാക്കിയ ശേഷമാണ് വിട്ടുനൽക്കുന്നത്.
ഒരു മാസത്തിനിടെ 4 സംഭവങ്ങൾ നടന്നുവെന്നും ഇതിൽ രണ്ടെണ്ണത്തിൽ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നുമാണ് മുതുമല ടൈഗർ റിസർവ് അധികൃതർ പറയുന്നത്, ആന വിരട്ടിയോടിച്ചപ്പോൾ റോഡിൽ വീണുകിടന്ന ബൈക്ക് യാത്രികനെ മറ്റു വാഹനങ്ങളിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. അരിശം തീർക്കാൻ ആന ബൈക്ക് തകർക്കുകയും ചെയ്തു. വേനൽ കാഠിന്യത്തിലേക്ക് കടന്നതോടെ കാടിറങ്ങിയെത്തിയ ആനക്കൂട്ടങ്ങളെ പാതയോരതങ്ങളിൽ ധാരാളമായി കാണാം. മോയാറിൽ നിന്നു വെള്ളം കുടിക്കാനാണ് ആനകളെത്തുന്നത്.
കാനന പാത തുടങ്ങുന്ന തമിഴ്നാട്ടിലെ തൊറപ്പള്ളി മുതൽ അവസാനിക്കുന്ന കർണാടകയിലെ മേൽകമനഹള്ളി വരെയുള്ള 20 കിലോമീറ്ററോളം വാഹനങ്ങൾ നിർത്താനോ യാത്രക്കാർ പുറത്തിറങ്ങാനോ പാടില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾ ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോയെടുക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘം നിരീക്ഷണത്തിനുണ്ട്. വിവധയിടങ്ങളിലായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Post a Comment