Jan 25, 2023

മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു,


ന്യൂഡൽഹി: മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിർത്തതിന്റെ പേരിൽ വിവാദത്തിലായ അനിൽ കെ.ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകനായ അനിൽ കെ.ആന്റണി എ.ഐ.സി.സി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്ററായിരുന്നു.
ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മോദിക്കെതിരായ പരാമർശമുണ്ടെന്നതിനാൽ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദർശിപ്പിക്കുമെന്ന നിലപാടിലായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. ഇതിനെതിരെ അനിൽ കെ ആന്റണി രംഗത്ത് വരികയായിരുന്നു.

പ്രദർശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനിൽ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലമാക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബി.ബി.സി. മുൻവിധിയുടെ ചരിത്രമുള്ള മാധ്യമസ്ഥാപനമാണ്. നമ്മൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അവിടെ അഭിപ്രായ സ്വാതന്ത്ര്യം അത്യാവശ്യമാണ്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം സമ്പൂർണമാണെന്ന് കരുതരുത്. മറ്റുള്ളവർ ആഭ്യന്തരപ്രശ്നത്തിനായി ഉണ്ടാക്കുന്ന അഭിപ്രായങ്ങൾ ആഘോഷിക്കപ്പെടേണ്ടതല്ല. ഇന്ത്യ ബ്രിട്ടനെയും പിന്തള്ളി ലോകശക്തിയാകുമ്പോഴാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി വരുന്നത്. അത് രാജ്യ താത്പര്യത്തിനെതിരാണെന്നും അനിൽ പറഞ്ഞിരുന്നു.

അനിൽ കെ ആന്റണിയുടെ പരാമർശത്തിനെതിരേ വലിയ പ്രതിഷേധമായിരുന്നു കോൺഗ്രസിനുള്ളിൽ നിന്നുയർന്ന് വന്നത്. മാത്രമല്ല ഇത് ബി.ജെ.പി. ആയുധമാക്കുകയും ചെയ്തു. കെ.പി.സി.സി. ഡിജിറ്റൽ സെല്ലിന്റെ പുന:സംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് കോൺഗ്രസ് പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും മറ്റാരെങ്കിലും പറയുന്നത് ഔദ്യോഗികനിലപാടല്ലെന്നും ഷാഫി പറമ്പിലും ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only