അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം.
അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിൻ്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകൾ. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു .
ഒന്നാം പ്രതി ഹുസൈൻ
മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഹുസൈൻ. മധുവിന്‍റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുന്നു.
രണ്ടാം പ്രതി മരയ്ക്കാർ
മധു അജുമുടി കാട്ടിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്ന് റിസവർ വനത്തിൽ അതിക്രമിച്ചു കയറി. മധുവിനെ പിടികൂടി.
മൂന്നാം പ്രതി ഷംസുദ്ദീൻ.
മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാൾ. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിൻ്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിനരികാകൻ കയ്യിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്
നാലാം പ്രതി അനീഷ്.
മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചു.
അഞ്ചാം പ്രതി രാധാകൃഷ്ണൻ.
കാട്ടിൽ കയറി പിടികൂടിയ മധുവിൻ്റെ ഉടുമുണ്ട് അഴിച്ച് ദേഹമടക്കം കൈകൾ കൂട്ടിക്കെട്ടുകയും പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ആറാം പ്രതി അബൂബക്കർ ഏഴാം പ്രതി സിദ്ദീഖ്.
കാട്ടിൽ കയറി പിടിച്ചു കൊണ്ടുവരുന്ന വഴി മധുവിൻ്റെ പുറത്ത് ഇടിക്കുകയും കയ്യിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു.
എട്ടാം പ്രതി ഉബൈദ്.
മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി. മധുവിനെ പിടികൂടി. മുക്കാലിയിലെയും കാട്ടിൽ നിന്ന് കൊണ്ടു വരുന്ന ദൃശ്യങ്ങളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഒമ്പതാം പ്രതി നജീബ്.
മധുവിനെ കാട്ടിൽ കയറി പിടിക്കാൻ നജീബിന്റെ ജീപ്പിലാണ് പ്രതികൾ പോയത്. മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പത്താം പ്രതി ജൈജുമോൻ.
മധുവിനെ കാട്ടിൽ കയറിയ പിടിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്ക് കെട്ട് മധുവിന്റെ തോളിൽ വച്ചു കൊടുത്തു. നടത്തികൊണ്ടു വരുന്ന വഴി ദേഹോപദ്രവമേൽപ്പിച്ചു.
പതിനൊന്നാം പ്രതി അബ്ദുൾ കരീം.
മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചു
പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്.
മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി. മധുവിന്‍റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചു.
പതിനാലാം പ്രതി ഹരീഷ്.
മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയും ദൃശ്യങ്ങൾ പകർത്തതുകയും ചെയ്തു.
പതിനഞ്ചാം പ്രതി ബിജു.
മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിന്റെ കൈകൾ കെട്ടിയ സിബ്ബിൽ പിടിച്ച് നടത്തിച്ചു. മുക്കാലിയിലെത്തിച്ചപ്പോൾ മധുവിന്‍റെ കയ്യിൽ പിടിച്ച് മുതുകിൽ ഇടിച്ചു.
പതിനാറാം പ്രതി മുനീർ.
മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിച്ചു
Post a Comment