Mar 21, 2023

പ്രതിസന്ധി രൂക്ഷം; വൈകുന്നേരം 6 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കുക: കെഎസ്‌ഇബി


കോഴിക്കോട്:

കേരളത്തില്‍ പകല്‍ച്ചൂട് കനക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണികളില്‍ നിലവിലുള്ളത്.

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള സമയത്തെ വര്‍ദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നൽകി വൈദ്യുതി വാങ്ങി എത്തിച്ച്‌ വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവില്‍ കെഎസ്‌ഇബിയ്ക്കുളളത്.

രാജ്യവ്യാപകമായി നിലവിലുള്ള കല്‍ക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കല്‍ക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവില്‍ വളരെകൂടുതലാണ്.

വൈദ്യുതി ഉപയോഗം ഇത്തരത്തില്‍ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും. എന്നാല്‍ മാന്യ ഉപഭോക്താക്കള്‍ അല്‍പ്പമൊന്ന് മനസ്സുവച്ചാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളു.

ഇസ്തിരിപ്പെട്ടി, വാട്ടര്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മുതല്‍ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാന്‍ നമുക്ക് കഴിയും. വസ്ത്രങ്ങള്‍ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകല്‍ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും.വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം. (കെഎസ്‌ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only