ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. നിലവില്‍ ആക്ടീവ് കേസുകള്‍ എണ്ണായിരത്തിന് അടുത്ത് എത്തിനില്‍ക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. രണ്ട് കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് കേരളത്തില്‍ കണ്ണൂരില്‍ നിന്നും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് സ്വദേശി ടെ കെ മാധവൻ (89) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കൊവിഡിനൊപ്പം മറ്റ് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ഒരുമിച്ചാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിലും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് ഒരാഴ്ച നിരീക്ഷണം നടത്തൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയം യഥാര്‍ത്ഥ കണക്കുകള്‍ ഇതിലുമെത്രയോ അധികമായിരിക്കും എന്നതാണെന്ന് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ആളുകള്‍ക്കിടയില്‍ 'കൊവിഡ്' ആശങ്കപ്പെടുത്തുന്ന വിഷയമല്ല ഇന്ന്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആരും ടെസ്റ്റ് ചെയ്യുന്നില്ല. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആകുമ്പോള്‍ പോലും അതിന് വേണ്ട ഗൗരവം നല്‍കുന്നില്ല- ഡോക്ടര്‍മാര്‍ പറയുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. എങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നപക്ഷം ടെസ്റ്റ് ചെയ്യാതിരിക്കുന്നതും, ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാകുമ്പോളും അതിന് വേണ്ടത്ര ഗൗരവം നല്‍കാത്തതും ആരോഗ്യകരമായ പ്രവണതയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
'XBB 1.16 വകഭേദമാണ് ഇപ്പോള്‍ രാജ്യത്ത് കൂടുതല്‍ കേസുകളുമുണ്ടാക്കുന്നത്. അതായത് കൊവിഡ് വൈറസ് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുക തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമെടുത്ത് നോക്കിയാല്‍ തന്നെ ഒമിക്രോണിന്‍റെ വകഭേദങ്ങളും ഉപവകഭേദങ്ങളും മാത്രമാണ് ഏറെയും വന്നത് എന്ന് കാണാം.അതിനര്‍ത്ഥം നാം അല്‍പമെങ്കിലും സുരക്ഷിതരാണ് എന്നതാണ്. എന്നാല്‍ ലക്ഷണങ്ങള്ഡ കണ്ടാല്‍ കൊവിഡ് ടെസ്റ്റ് നടത്താതിരിക്കുന്നത് ഉചിതമല്ല. ഇത് കേസുകളില്‍ വര്‍ധനവുണ്ടാക്കും. അങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത് ഉചിതമല്ല. ഇപ്പോള്‍ തന്നെ ഇത്രയും പ്രതിദിന കേസുകളുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ കണക്ക് ഇതിലും വളരെ കൂടുതലായിരിക്കും എന്ന് വേണം നാം കരുതാൻ... -' ദില്ലി എയിംസ് ചീഫ് ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.
കൊവിഡ് ബാധിതര്‍ പ്രായമായവര്‍ ആകുമ്പോള്‍ 'റിസ്ക്' കൂടുതലാണെന്നും ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കണ്ണൂരില്‍ നിന്ന് വന്നിരിക്കുന്ന മരണവാര്‍ത്ത ഇതിനുദാഹരണമാണ്. പ്രായമായവരില്‍ വാര്‍ധക്യസഹജമായ പല പ്രശ്നങ്ങളും കാണും. കൂട്ടത്തില്‍ കൊവിഡ് കൂടിയെത്തുമ്പോള്‍ അവര്‍ക്കത് താങ്ങാനാകാതെ വന്നേക്കാം. ഇക്കാര്യമാണ് ഏറെയും ശ്രദ്ധിക്കേണ്ടത്.
രോഗികളായവര്‍ ശ്രദ്ധിക്കാതെ മറ്റുള്ളവരിലേക്കും രോഗമെത്തിക്കുമ്പോള്‍ കൂട്ടത്തില്‍ അവശരായവരാണ് അതിന്‍റെ തിക്തഫലം കൂടുതല്‍ നേരിടുക. ഇത്തരത്തില്‍ ധാര്‍മ്മികമായി ചിന്തിക്കുക കൂടി വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. അതുപോലെ തന്നെ ആശുപത്രികളിലേക്ക് കൂടുതല്‍ പേര്‍ ഒന്നിച്ചെത്തിയാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയും വലുതാണ്. മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ വരെ വെട്ടിലാകുന്ന അവസ്ഥ ഇതുണ്ടാക്കാം. അതിനാലാണ് കൊവിഡ് ലക്ഷണങ്ങള്‍ കാണുന്നപക്ഷം ടെസ്റ്റ് ചെയ്യുകയും രോഗമുണ്ടെങ്കില്‍ മാറിനില്‍ക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്.
Post a Comment