ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. ചെറുവത്തൂർ സ്വദേശി അംബികയാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയിലെ പിഴവാണ് യുവതി മരിക്കാൻ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി.
ചെറുവത്തൂര്‍ പുതിയ കണ്ടം സ്വദേശിയായിരുന്നു മരിച്ച അംബിക. ഈ മാസം അഞ്ചിനാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അംബിക മരിച്ചത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയതിന് ശേഷമായിരുന്നു മരണം. ചികിത്സിച്ച ഡോക്ടറുടെ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കാണിച്ചാണ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ശസ്ത്രക്രിയക്കിടെ ചെറുകുടലിനേറ്റ മുറിവ് കാരണം വിസര്‍ജ്യം ആന്തരിക അവയവങ്ങളില്‍ കലര്‍ന്ന് അണുബാധ ഉണ്ടായെന്നാണ് പരാതി.
മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
Post a Comment