തിരുവമ്പാടി: താഴെ തിരുവമ്പാടി-മണ്ടാംകടവ്( ഗെയിറ്റുംപടി) റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഒടുവിൽ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചു.
താമരശ്ശേരി താലൂക്ക് അധീനതയിലുള്ള റോഡിന്റെ ഭാഗങ്ങളിലാണ് ശനിയാഴ്ച സർവേ നടപടികൾ തുടങ്ങിയത്. റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടും റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി കൈകൊള്ളാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പി. ഡബ്ല്യു.ഡി. റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ റവന്യൂ വകുപ്പ് പുലർത്തിയ അലംഭാവത്തിന് പിന്നിൽ വൻ ഒത്തുകളി നടന്നതായാണ് ആരോപണം.
കൈയേറ്റം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റോഡിന്റെ അതിരുകൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി പി.ഡബ്ല്യു.ഡി. അസി. എൻജിനിയർ താമരശ്ശേരി ഭൂരേഖാ വിഭാഗം തഹസിൽദാർക്ക് നോട്ടീസ് നൽകിയിട്ട് മൂന്ന് വർഷമായിട്ടും ഒരു നടപടിയും കൈകൊണ്ടിരുന്നില്ല. 2019 സെപ്റ്റംബറിൽ പൊതുപ്രവർത്തകനായ സൈതലവി ആനടിയിൽ ആണ് കൈയേറ്റം സംബന്ധിച്ച് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ആദ്യം പരാതി നൽകുന്നത്. മന്ത്രി പരാതി അന്വേഷിക്കാൻ കോഴിക്കോട് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറോട് നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് 2021 ജൂണിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ ചീഫ് എൻജിനിയറോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചു.
ഇതിന്റെ തുടർച്ചയായി റവന്യൂ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികൾ തുടങ്ങിയിരിക്കുന്നത്. പരാതിയിൽ നേരത്തേ തന്നെ അന്വേഷണം നടത്തിയിരുന്നതായും പ്രാഥമിക പരിശോധനയിൽ തന്നെ കൈയേറ്റം ബോധ്യപ്പെട്ടിരുന്നതായും തിരുവമ്പാടി പി. ഡബ്ല്യൂ.ഡി. എ.ഇ. എൻ. ആദർശ് പറഞ്ഞു.
റോഡിനോട് ചേർന്ന് വീടുകളുടെ മതിൽക്കെട്ടുകൾ പണിതതിലും പറമ്പുകളുടെ അതിർത്തി കെട്ടിയതിലും കൈയേറ്റം നടന്നിട്ടുണ്ട്. സർവേ നടപടികൾ തുടരും. അദ്ദേഹം വ്യക്തമാക്കി.
Post a Comment