കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ് മരിച്ചത്. വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇന്ന് ബന്ധുക്കൾ വീട് തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടത്. മരിച്ച അനുമോൾക്ക് 27 വയസായിരുന്നു പ്രായം. ഇവർക്ക് ഒരു മകളുമുണ്ട്.
മൂന്ന് ദിവസം മുൻപ് അനുമോളെ കാണാനില്ലെന്ന പരാതി ബിജേഷ് ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു. പൊലീസ് അനുമോൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബിജേഷിനെയും കാണാതായത്. ഇന്ന് ബന്ധുക്കളാണ് ഇവരുടെ വീട്ടിലെത്തി തിരച്ചിൽ നടത്തിയത്. അഴുകിയ ഗന്ധം പിന്തുടർന്ന് പോയപ്പോൾ കട്ടിലിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post a Comment