തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഏപ്രിൽ 10 മുതൽ വിതരണം ചെയ്യും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇതിനായി 1871 കോടി രൂപ അനുവദിച്ചു. ജനുവരി, ഫെബ്രുവരി മാസത്തെ തുകയാണ് വിതരണം ചെയ്യുക.
കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചെലവുകൾക്കായി 22000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമ പെൻഷനുമുൾപ്പെടെ തുടങ്ങാൻ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പലവിധത്തിൽ ബുദ്ധിമുട്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ മികച്ച ധന മാനേജ്മെന്റിലൂടെയും തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണ്. വർഷാന്ത്യ ചെലവുകൾ വിജയകരമായി പൂർത്തീകരിച്ചതിനു തൊട്ടു പിന്നാലെ കേരളത്തിലെ സാധാരണക്കാരായ 62 ലക്ഷം ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചെത്തിച്ചുകൊണ്ട് വികസനവും കരുതലും എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുകയാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment