Apr 4, 2023

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ


താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതൽ (ഏപ്രിൽ 5) പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ച്ചകളിൽ രാവിലെ ആറ് മുതൽ ഒമ്പത് മണി വരെയും ചുരത്തിൽ നിയന്ത്രണമുണ്ടാകും.


ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെന്റർ സംവിധാനവും ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തിൽ വാഹനങ്ങളെ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളിൽ നിന്നും പിഴ ഈടാക്കും.

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ചുരം സംരക്ഷണ സമിതി,ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only