മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടകൊലപാതകക്കേസിലെ 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും 50000 രൂപ വീതം പിഴയും ശിക്ഷ.മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതൽ പതിനൊന്ന് വരെയുള്ള പ്രതികളും 18-ാം പ്രതിയും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.2012 ജൂൺ പത്തിനാണ് സഹോദരങ്ങളായ അബൂബക്കർ, ആസാദ് എന്നിവർ കൊല്ലപ്പെട്ടത്. പിഴത്തുക കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകണമെന്നുമാണ് വിധി. കുനിയിൽ കുറുവാടൻ മുക്താർ, കോഴിശ്ശേരിക്കുന്നത് റാഷിദ്, റഷീദ്, ചോലയിൽ ഉമ്മർ തുടങ്ങി 21 പേരായിരുന്നു കേസിലെ പ്രതികൾ. സഹോദരങ്ങളായ കുനിയിൽ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയിൽ അങ്ങാടിയിൽ വെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2012 ജൂൺ 10 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.ദൃക്‌സാക്ഷികളുൾപ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ, വാഹനങ്ങൾ ഉൾപ്പെടെ 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
Post a Comment