ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ ഒമ്പതു മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 11 മണിയോടെ സിബിഐ ആസ്ഥാനത്ത് എത്തിയ കെജ്രിവാള് രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്.
'സിബിഐ എന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചു. മദ്യനയം നിലവില്‍വന്ന 2020 മുതലുള്ള എല്ലാ കാര്യങ്ങളും സിബിഐ ചോദിച്ചു. എല്ലാം വ്യാജമാണ്. ഈ കേസും വ്യാജമാണ്. ഞങ്ങള്‍ക്കെതിരേ അവരുടെ കൈയ്യില്‍ യാതൊരു തെളിവുമില്ലെന്ന് എനിക്ക് ബോധ്യമായി', ചോദ്യംചെയ്യലിനു ശേഷം പുറത്തെത്തിയ കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു.
മദ്യനയക്കേസിലെ സാക്ഷിയായാണ് കെജ്രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. രാവിലെ രാജ്ഘട്ടിലെ പ്രാര്‍ഥനയ്ക്കു ശേഷം സി.ബി.ഐ. ആസ്ഥാനത്തെത്തിയ കെജ്രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മന്ത്രിസഭാംഗങ്ങള്‍, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ഇവരെ പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്നു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, അതിഷി, കൈലാഷ് ഗഹ്ലോട്ട് എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, എന്നിവരേയും പോലീസ് കരുതല്‍ തടങ്കലിലാക്കി. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
കെജ്രിവാളിനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് വൈകുന്നേരം എഎപി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആം ആദ്മി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് എന്നിവര്‍ പങ്കെടുത്തു. ആം ആദ്മിയ്ക്കെതിരെയുള്ള ബി.ജെ.പി. ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് നേതാക്കള്‍ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയെ ചോദ്യംചെയ്തത് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി.യ്ക്കുമെതിരെയുള്ള രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാണ് ആം ആദ്മിയുടെ തീരുമാനം.
ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി പറയുമെന്നും ചോദ്യം ചെയ്യലിന് മുമ്പ് മാധ്യമങ്ങളെ കണ്ട കെജ്രിവാള് വ്യക്തമാക്കി. നാടിനു വേണ്ടി ജീവിക്കാനും നാടിനു വേണ്ടി മരിക്കാനും താന്‍ ഒരുക്കമാണെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. സി.ബി.ഐ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി.യുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കെജ്രിവാള് ആരോപിച്ചു. അഴിമതിക്കാരനാണെങ്കിലും അല്ലെങ്കിലും ആരെയും ജയിലിലടയ്ക്കാന്‍ ബിജെപിക്ക് കഴിയുമെന്നും കെജ്രിവാള് പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം സിബിഐക്ക് ബിജെപി നല്കിയിട്ടുണ്ടാകാം. എങ്കില്പിന്നെ ആരാണ് സിബിഐ? അവര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് കെജ്രിവാള് പറഞ്ഞു. ചില ദേശവിരുദ്ധ ശക്തികള്‍ക്ക് രാജ്യം പുരോഗതി പ്രാപിക്കുന്നതിനോട് താത്പര്യമില്ല. എന്നാല്‍ രാജ്യം പുരോഗതിയുടെ പാതയില്‍ മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്നും സിബിഐ ആസ്ഥാനത്തേക്ക് പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹം പറഞ്ഞു.
Post a Comment