Apr 11, 2023

രണ്ടര ലക്ഷം കടന്ന് ‘വിവ കേരളം’ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്


തിരുവനന്തപുരം:വിളർച്ച കണ്ടെത്തിയവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നൽകാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈ കാമ്പയിനിലൂടെ 5,845 പേർക്കാണ് ഗുരുതര അനീമിയ കണ്ടെത്താനായത്. 50,121 പേർക്ക് സാരമായ അനീമിയും 51,816 പേർക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകൾക്കിടയിലും അനീമിയ കണ്ടെത്താനായി. നേരിയ അനീമിയ ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നൽകുന്നു. സാരമായ അനീമിയ ബാധിച്ചവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ നൽകുന്നു. ഗുരുതര അനീമിയ ബാധിച്ചവർക്ക് താലൂക്ക്, ജില്ലാതല ആശുപത്രികൾ വഴി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉൾപ്പെടെയുള്ള ചികിത്സ നൽകിവരുന്നു.

പൊതുജനാരോഗ്യ രംഗത്ത് സർക്കാർ നടത്തുന്ന ഏറ്റവും വലിയ ഇടപെടലുകളിലൊന്നാണ് വിവ കേരളം. ഗ്രാമീണ, നഗര, ട്രൈബൽ, തീരദേശ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് കാമ്പയിൻ സംഘടിപ്പിച്ച് വരുന്നത്. ഹീമോഗ്ലോബിനോ മീറ്റർ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്ഥാപനങ്ങൾ വഴിയുള്ള പരിശോധനകൾ വഴിയുമാണ് വിവ കേരളം കാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്. വിവിധ സ്ഥാപനങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി പ്രത്യേക കാമ്പയിനും നടത്തി. 15 മുതൽ 18 വയസുവരെയുള്ള വിദ്യാർത്ഥിനികളെ ആർബിഎസ്‌കെ നഴ്സുമാർ വഴി പരിശോധന നടത്തി വരുന്നു.

അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. സബ് സെന്ററുകൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവ വഴി ശക്തമായ അവബോധവും നൽകി വരുന്നു. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളിലേക്കും നയിക്കും. നേരത്തെ അനീമിയ കണ്ടെത്തി ചികിത്സിയ്ക്കുന്നതിലൂടെ സങ്കീർണതയിലേക്ക് പോകാതെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. അതിനാൽ എല്ലാവരും ഈ കാമ്പയിനിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only