രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്ക് പരിശീലന പരിപാടിയൊരുങ്ങുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹരായവർക്കായി ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്‌നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പരിശീലനത്തിന് വേണ്ടി മോഡ്യൂൾ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനാണ്.
2022 ഓണം മെഗാ ഒന്നാം സമ്മാനത്തിനർഹനായ ഭാഗ്യവാൻ മുതൽ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യ വട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കും. ധന വിനിയോഗത്തിന് പുറമേ നികുതികൾ, നിക്ഷേപപദ്ധതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്‌നങ്ങളും, ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 12 ന് രാവിലെ 10 മണിക്ക് മാസ്‌കറ്റ് ഹോട്ടലിൽ ധനമന്ത്രി കെ .എൻ ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, പ്രൊഫസർ & ഡയറക്ടർ പ്രൊഫ.കെ.ജെ.ജോസഫ്, നഗരസഭ കൗൺസിലർ ഡോ. റീന എന്നിവർ ആശംസകൾ അറിയിക്കും . ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ശ്രീ. എബ്രഹാം റെൻ എസ് സ്വാഗതവും, ജോയിന്റ് ഡയറക്ടർ മനോജ്.പി കൃതജ്ഞതയും രേഖപ്പെടുത്തും.
2022 ആഗസ്റ്റ് ഒന്ന് മുതൽ മാർച്ച് 31 വരെ 242 നറുക്കെടുപ്പുകളിലായി 190 കോടിയോളം രൂപ ഒന്നാം സമ്മാനമായി നൽകിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ ഏജന്റുമാരുടെ വരുമാനം 2327.3 കോടി രൂപയായിരുന്നു. എന്നാൽ 2022-2023 സാമ്പത്തിക വർഷമിത് 3830.78 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ സമ്മാനങ്ങളുടെ എണ്ണം 5,22,02,411 ആയിരുന്നത് 2022-2023 സാമ്പത്തിക വർഷത്തിൽ 8,35,15,592 ആയി വർദ്ധിച്ചു.
Post a Comment