കൊച്ചി: കോളേജിലെ ആദ്യ വർഷം താൻ കെഎസ്‍യുവും അടുത്ത വർഷം എബിവിപിയുമായിരുന്നുവെന്ന് നടൻ ശ്രീനിവാസൻ. അന്ന് തനിക്കൊരു ബോധവുമില്ലെന്നും എന്ത് വേണമെങ്കിലും ആവുമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.
"അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അച്ഛൻ കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പര്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടിൽ ചെന്നപ്പോഴാണ് മഹാത്മാ ഗാന്ധിയെ കുറിച്ചിട്ടൊക്കെ ഞാൻ കേൾക്കുന്നത്. അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരും എല്ലാവരും കോൺഗ്രസുകാരാണ്.
ഞാൻ കോളെജിൽ ചേർന്നിട്ട് ഒരു കൊല്ലം കെഎസ്‍യുക്കാരനായി. ഒറ്റടയിക്ക് ഞാൻ അങ്ങോട്ടേക്ക് മാറി. കാരണം എനിക്കൊരു ബോധവുമില്ല. ഞാൻ എന്ത് വേണമെങ്കിലുമാകും. പിന്നെ ഒരുത്തൻ എന്നെ സ്ഥിരമായിട്ട് ബ്രെയിൻ വാഷ് ചെയ്യുന്നുണ്ടായിരുന്നു. അവനാണെങ്കിൽ എബിവിപിക്കാരനായിരുന്നു. അങ്ങനെ അതിന്റെ അടുത്ത കൊല്ലം ഞാൻ എബിവിപിയായി. എബിവിപിക്ക് രക്ഷാബന്ധനൊക്കെ കെട്ടുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതും കെട്ടിയിട്ട് ആദ്യമായിട്ട് എൻറെ നാട്ടിൽ ഇറങ്ങിയ ഒരാൾ ഞാനാണ്.
കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്‌നമായി മാറിയിരുന്നു. എന്താടാ വട്ടായോ എന്നൊക്കെ ആൾക്കാർ ചോദിച്ചു. പിന്നെ എന്റെയൊരു സുഹൃത്ത് എന്ത് മണ്ണാങ്കട്ടയാടാ കെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് ചരട് പൊട്ടിക്കാൻ നോക്കി. നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാൻ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന് ഞാൻ പറഞ്ഞു. അവൻ പെട്ടെന്ന് കൈ വലിച്ചു. എനിക്ക് പ്രാന്താ അന്ന്"- ശ്രീനിവാസൻ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി പ്രേം നസീര്‍ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്നും മോഹൻലാൽ കാരണമാണ് സിനിമ നടക്കാതെ പോയതെന്നും ശ്രീനിവാസൻ പറഞ്ഞു. വയസാൻ കാലത്ത് ഇങ്ങേർക്ക് വേറെ പണിയില്ലേ എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞത്. അന്ന് സിനിമ ചെയ്യാൻ ആലോചിച്ച കഥയാണ് പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സന്ദേശം’ മെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു.
Post a Comment