Apr 1, 2023

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമെന്ന് സ്റ്റാലിൻ, വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം


കോട്ടയം : സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം. സമര സ്മരണകൾ ജ്വലിച്ചു നിന്ന വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു. നാല് മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.  


വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.  വൈക്കം സത്യഗ്രഹം തമിഴ്നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് തമിഴ്നാട്ടിൽ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയത്.  ഉടൽ രണ്ടാണെങ്കിലും ചിന്തകൾ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ സന്ദിയറിയിച്ചു.  


ചാതുർ വർണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല. സമരങ്ങളിൽ തമിഴ്നാടിനും കേരളത്തിനും ഓരേ പാരമ്പര്യമാണ്. സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അപൂർവ്വ സമരമായിരുന്നു വൈക്കത്തേതെന്നും പിണറായി കൂട്ടിച്ചേർത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only