Apr 19, 2023

അമ്മ ബക്കറ്റിലിട്ടു, കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്, ആശുപത്രി വിടുന്നു


കോട്ടയം: പ്രസവിച്ചയുടന്‍ അമ്മ ശൗചാലയത്തിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശു തിരികെ ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് ബുധനാഴ്ച ആശുപത്രി വിടും. കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്നും മറ്റു അണുബാധകളൊന്നും ഇല്ലെന്നും കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 1.3 കിലോ ആയിരുന്നു എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൂക്കം. ഇപ്പോള്‍ 1.43 കിലോ തൂക്കമുണ്ട്. കുഞ്ഞിനെ എത്തിച്ചത് മുതല്‍ പ്രത്യേക കരുതലാണ് നല്‍കിയത്. പ്രാഥമികമായി നല്‍കേണ്ട ചികിത്സകളെല്ലാം നല്‍കി. ഇപ്പോള്‍ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ്. പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞിനെ വിട്ടയക്കുന്നതെന്നും രണ്ടാഴ്ചയ്ക്ക് ശേഷം തുടര്‍പരിശോധനയ്ക്കായി കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.

പത്തനംതിട്ട ആറന്മുളയിലെ വീട്ടില്‍ ഏപ്രില്‍ നാലാം തീയതിയാണ് ആണ്‍കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍വെച്ച് പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് തിരക്കിയതോടെയാണ് കുഞ്ഞ് വീട്ടിലെ ബക്കറ്റിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ചെങ്ങന്നൂര്‍ പോലീസ് വീട്ടിലേക്ക് കുതിച്ചെത്തുകയും ബക്കറ്റിലുണ്ടായിരുന്ന കുഞ്ഞിനെ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരുടെ ഇടപെടലിന് നിറഞ്ഞ കൈയടിയും ലഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only