മുക്കം : സംസ്ഥാന സർക്കാർ നിർദേശിച്ച തദ്ദേശ സ്ഥാപനങ്ങളിലെ നികുതി വർധന മുക്കം നഗരസഭയിൽ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
നികുതിവർധന മുക്കം നഗരസഭയിൽ നടപ്പാക്കരുതെന്ന് ഭൂരിപക്ഷം കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും നികുതി വർധിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്., വെൽഫെയർ പാർട്ടി, ബി.ജെ.പി. അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്.
33 അംഗങ്ങളുള്ള കൗൺസിലിൽ 31 പേരാണ് ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തത്. ന്യൂനപക്ഷത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് മുക്കം നഗരസഭാ ഭരണസമിതി ചെയ്തതെന്നും ഇതിനെതിരേ ശക്തമായ സമര പരിപാടികൾക്കൊപ്പം നിയമ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ്. - വെൽഫെയർ പാർട്ടി കൗൺസിലർമാർ പറഞ്ഞു.
അതേസമയം സർക്കാർ ഉത്തരവ് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. കൗൺസിലിന്റെ അംഗീകാരത്തിനായി നൽകിയ ഉത്തരവല്ലെന്നും കൗൺസിലിന്റെ അറിവിലേക്കായി നൽകിയതാണെന്നും ഉത്തരവ് അംഗീകരിക്കുകയല്ലാതെ മറ്റുവഴികളില്ലെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.
യു.ഡി.എഫ്. കൗൺസിലർമാരായ വേണു കല്ലുരുട്ടി, അബ്ദുൾ ഗഫൂർ, ഗഫൂർ കല്ലുരുട്ടി, എം. മധു, എം.കെ. യാസർ, അബു മുണ്ടുപാറ, കെ.കെ. റുബീന, രാജൻ എടോനി, കൃഷ്ണൻ വടക്കയിൽ, ഫാത്തിമ കൊടപ്പന, സക്കീന കബീർ, റംല ഗഫൂർ, സാറ കൂടാരം, ബിന്നി മനോജ്, എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
Post a Comment