കാരശ്ശേരി : വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇടതുപക്ഷ മെമ്പർമാർക്കെതിരേ നൽകിയ പരാതി പിൻവലിച്ച് മാപ്പുപറയണമെന്നും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവൻ വീടുകളിലും ദിവസവും വാഹനത്തിൽ കുടിവെള്ളം എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്.
മെമ്പർമാരുടെ പേരിലുന്നയിക്കുന്നത് കള്ളപ്പരാതിയാണെന്നും കുടിവെള്ള വിതരണം കാര്യക്ഷമമല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണെന്നും നേതാക്കൾ പറഞ്ഞു. സർക്കാർ ഉത്തരവ് ഉണ്ടായിട്ടും കുടിവെള്ളം എത്തിക്കാൻ രണ്ട് ചെറുവാഹനം മാത്രമാണ് ഓടുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രം 200 ലിറ്റർ കുടിവെള്ളമാണ് ലഭിക്കുക. അതിരൂക്ഷമായ ഈ കാലാവസ്ഥയിൽ ദിവസവും കുടിവെള്ളമെത്തിക്കേണ്ടത് പഞ്ചായത്തിന്റെ ബാധ്യതയാണ്.
കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളം വിതണം ചെയ്യാൻ തയ്യാറാകണമെന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്നും അവർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ കെ. പി. ഷാജി, കെ. ശിവദാസൻ, എം. ആർ. സുകുമാരൻ, എ.പി. മോയിൻ എന്നിവർ പങ്കെടുത്തു
Post a Comment