സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഡിവൈഎഫ്‌ഐ. മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തില്‍ പൊതുബോധം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളം കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ യൂണിയന്‍, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാര്‍ സമീപിക്കുന്നത്.
രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സഭയില്‍ യൂണിയന്‍ അഭ്യന്തര മന്ത്രാലയം തന്നെ തള്ളി കളഞ്ഞ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള നുണ കഥകള്‍ വീണ്ടും ഉന്നയിക്കുകയാണ്.
മുസ്ലിം = തീവ്രവാദം എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളര്‍ത്തുവാനും വര്‍ഗ്ഗീയത പടര്‍ത്താനുമാണ്. ഇതിന് സിനിമ എന്ന ജനപ്രിയ മാധ്യമം ഉപയോഗ പ്പെടുത്തുകയാണ്. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാര്‍ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. ഈ സിനിമയ്‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post a Comment