കോടഞ്ചേരി: പഞ്ചായത്തിലൂടെ ഒഴുകുന്ന ചാലിപ്പുഴ വറ്റിവരളുന്നു. പലയിടത്തും പുഴ ഇടമുറിഞ്ഞു. തുഷാരഗിരി, ചെമ്പുകടവ് മേഖലകളിൽ വെള്ളം ഇല്ലാതെ പുഴ കല്ലിൻകൂട്ടങ്ങളായി മാറി. പുഴയോരങ്ങളിൽ കിണറുകളും കുളങ്ങളും വറ്റി തുടങ്ങി. തുഷാരിഗിരിയിൽ ചാലിപ്പുഴയോരത്തെ 300 ഏക്കർ വിസ്തൃതിയിലുള്ള വട്ടച്ചിറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പുഴയിൽ നീരൊഴുക്ക് നിലച്ചതോടെ അലക്കാനും കുളിക്കാനും പുഴയെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾ ദുരിതത്തിലായി, അടുത്ത കാലത്തെങ്ങുമില്ലാത്തവിധം കടുത്ത വരൾച്ചയാണു മലയോര മേഖല നേരിടുന്നത്.
കിണറുകളും കുളങ്ങളും തോടുകളും ഇരുവഞ്ഞിപ്പുഴയും വറ്റിവരണ്ടു. പുല്ലൂരാംപാറ ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴ വറ്റിവരണ്ട് ഒഴുക്ക് നിലച്ചു. കോടഞ്ചേരി പഞ്ചായത്തിലെ കേരള ജല അതോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ ഇരുവഞ്ഞിപ്പുഴയിലെ കണ്ടപ്പൻചാൽ ജലപദ്ധതിയിലും പുല്ലൂരാംപാറ പത്തായപ്പാറ ജലപദ്ധതിയിലും വെള്ളം കുറഞ്ഞു.
കണ്ടപ്പൻചാലിലും പത്തായപ്പാറയിലും ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ താൽക്കാലിക തടയണ നിർമിച്ച് വെള്ളം തടഞ്ഞ് നിർത്തി ജലസംഭരണിയിലക്ക് എത്തിക്കുന്നതിനു ആവശ്യമായ അടിയന്തര നടപടി ഉണ്ടാകണം. കൂരോട്ടുപാറ തോട് പൂർണമായും വരണ്ടുണങ്ങിയതിനാൽ ജല അതോറിറ്റിയുടെ കൂരോട്ടുപാറ പദ്ധതിയിൽ നിന്നു ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഏറെ നാളായി. വേനൽമഴ ലഭിച്ചില്ലെങ്കിൽ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകും.
കടപ്പാട് മനോരമ ന്യൂസ്
Post a Comment