തിരുവനന്തപുരം: വർക്കലയിൽ യുവാവിന് ക്രൂരമർദ്ദനം. പെൺസുഹൃത്തും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തിൽനിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം.
വർക്കല ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ, മറ്റൊരാളുമായി അടുപ്പത്തിലായതുകൊണ്ട് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവാവിനോട് ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. ഇതിന് യുവാവ് വഴങ്ങാത്തത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് ഏപ്രിൽ അഞ്ചിന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
ആവശ്യപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ലക്ഷ്മിപ്രിയ വന്ന കാറിൽ കയറ്റി. തുടര്‍ന്നാണ് ഇദ്ദേഹത്തെ പെൺകുട്ടിയടക്കം ഏഴുപേർ ചേർന്ന് മർദിച്ചത്. യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു. ശേഷം എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ പ്രതികൾ ബലംപ്രയോഗിച്ചു നഗ്‌നനാക്കി. മൊബൈൽ ചാർജർ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ആക്രമണദൃശ്യങ്ങൾ ലക്ഷ്മിപ്രിയ യുവാവിന്റെ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവശനായ യുവാവിനെ പിറ്റേ ദിവസം വൈറ്റിലയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.
സംഭവത്തില്‍ ലക്ഷ്മിപ്രിയയെ ഒന്നാം പ്രതിയാക്കി എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ പിടികൂടിയിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു
Post a Comment