കോഴിക്കോട്ഗവ. മെഡിക്കൽ കോളജ് ആശുപത്രി കവാടത്തിനു മുൻവശം ഒരു മാസത്തിനിടയിൽ രണ്ട് പേർ വാഹനാപകടത്തിൽ മരിച്ച പ്രധാന ജംക്‌ഷനിൽ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം ഒട്ടേറെ വാഹനങ്ങളും അതിലേറെ കാൽനട യാത്രക്കാരും എത്തുന്ന ഈ ഭാഗത്ത് റോഡ് മൂന്നാക്കി തിരിച്ചു. നിലവിലുള്ള സീബ്രാലൈനിനു സമാന്തരമായി സുരക്ഷ ഒരുക്കി ഡിവൈഡർ സ്ഥാപിച്ചിട്ടുമുണ്ട്. നേരത്തേ മെഡിക്കൽ കോളജ് ജംക്‌ഷനിലെ ഐലൻഡിൽ വട്ടം കറങ്ങിയാണ് ഐഎംസിഎച്ച് ആശുപത്രിയിലേക്കും മാവൂർ, കുന്നമംഗലം, ദേവഗിരി, കോഴിക്കോട് ടൗൺ ഭാഗത്തേക്കും വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മാറ്റി സ്ഥാപിച്ചിട്ടും അപകടത്തിനു കുറവുണ്ടായിരുന്നില്ല.
ആംബുലൻസിനും മറ്റു വാഹനങ്ങൾക്കും പെട്ടെന്ന് രോഗികളെ എത്തിക്കാൻ സൗകര്യത്തിന് ഒരു മാസം മുൻപാണ് അത്യാഹിത വിഭാഗം പിഎംഎസ്എസ്‌വൈ ബ്ലോക്കിലേക്ക് മാറ്റിയത്. അതോടെ പുതിയ സ്ഥലത്തും അത്യാഹിത വിഭാഗത്തിനു മുൻവശം അപകടമേഖലയായി മാറി. പുതിയ ബ്ലോക്കിലെ പ്രധാന കവാടത്തിനരികിലും റോഡരികിലും കാൽനടയാത്രയും ദുരിതപൂർണമായി. റോഡരികിലെ നടപ്പാത കയ്യേറി നിർമിച്ച താൽക്കാലിക കച്ചവട ഷെഡുകളും ഇവിടെ ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജനങ്ങൾ പറയുന്നു. ഇതിനെതിരെ പരിസരത്തുള്ളവരും ആശുപത്രി അധികൃതരും കോർപറേഷന് പരാതി നൽകിയിരുന്നു.
അസി.കമ്മിഷണർ, ട്രാഫിക് പൊലീസ്
ആശുപത്രിക്ക് മുൻപിൽ കാൽനട യാത്രക്കാരുടെ സൗകര്യത്തിനു 2 ഓവർപാസ് നിർമിക്കേണ്ടിവരും. അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റിയ സാഹചര്യത്തിൽ നിലവിലുള്ള ഓവർപാസ് പൊളിച്ചു നീക്കണം. ഇതുമായി ബന്ധപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്കു തിങ്കളാഴ്ച കത്തുനൽകും.
എം.എൽ.ബെന്നിലാലു (ഇൻസ്പെക്ടർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ)
പുതിയ ബ്ലോക്കിൽ ആരംഭിച്ച അത്യാഹിത വിഭാഗത്തിന്റെ ഗേറ്റിനു കിഴക്കുവശം അനധികൃതമായി മറച്ചുകെട്ടി കച്ചവടം നടത്തുന്നത് വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല പുതിയ ബ്ലോക്കിനു പുറത്ത് സ്വകാര്യ കാറുകൾ പാർക്ക് ചെയ്യുന്നതും യാത്രാ തടസ്സം സൃഷ്ടിക്കുന്നു. അനധികൃത കച്ചവടവും പാർക്കിങ്ങും മാറ്റാൻ അടുത്ത ദിവസം കോർപറേഷൻ, പൊലീസ്, മറ്റു വകുപ്പുകൾ, ഡ്രൈവർമാർ, പരിസരവാസികൾ, വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് നടപടിയെടുക്കും.
കടപ്പാട് മനോരമ
Post a Comment