മുക്കം: ഒരു പൊതുവിദ്യാലയം എങ്ങനെയായിരിക്കണമെന്നതിന് മാതൃകയാണ് കക്കാട് ഗവ. എൽ.പി സ്‌കൂളെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. മഞ്ചറ അബു മാസ്റ്റർ നഗറിൽ നടന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തെ പൊതുവിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സ്‌കൂളിൽ നടക്കുന്നത്. വരാനിരിക്കുന്ന പുതു തലമുറയെയും പോയകാലങ്ങളിൽ നാടിനായി സേവനമർപ്പിച്ചവരേയുമെല്ലാം കണ്ണിച്ചേർത്ത് സ്‌കൂളിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾ ശ്ലാഘനീയമാണ്. കൃത്യമായ കാഴ്ചപ്പാടോട്കൂടി പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്ന കക്കാട് സ്‌കൂളിന്റെ വിഷൻ 2025 മാതൃകാ പദ്ധതി ഏറെ പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് സ്‌കൂളും നാട്ടുകാരും പഞ്ചായത്ത് അധികൃതരും വിലകൊടുത്ത് വാങ്ങിയ 22 സെന്റ് സ്ഥലത്ത് നിർമിക്കുന്ന കൂറ്റൻ ഹൈടെക് വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ജൂണിൽ നടക്കുമെന്നും എം.എൽ.എ അറിയിച്ചു.
ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ടീച്ചർ മുഖ്യാതിഥിയയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന ആശം നേർന്നു. ചടങ്ങിൽ സ്‌കൂളിൽനിന്ന് വിരമിച്ച പൂർവ്വാധ്യാപകരെ ഷാൾ അണിയിച്ച് ആദരിച്ചു. സ്‌കൂളിലെ ആദ്യ വിദ്യാർത്ഥികളായ ഒ.എം അഹമ്മദ്കുട്ടിയെയും ലക്ഷ്മി സർക്കാർ പറമ്പിനെയും ചടങ്ങിൽ ആദരിച്ചു.
സ്വാഗതസംഘം ചെയർമാൻ എടക്കണ്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം പരിപാടിയിൽ പൂർവ്വാധ്യാപകരായ ചാലിൽ അബ്ദുർഹ്മാൻ മാസ്റ്റർ, സി.ടി മമ്മദ് മാസ്റ്റർ, കെ.സി കോയക്കുട്ടി മാസ്റ്റർ, പരീത് ലബ്ബ മാസ്റ്റർ സംസാരിച്ചു. സംഗമവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹുസൈൻ കക്കാട് രചിച്ച 13 കവിതകളുടെ സമാഹാരമായ ദക്ഷിണ കുഞ്ഞിമൊയ്തീൻ മാസ്റ്റർ ചെറുവാടി പ്രകാശനം ചെയ്തു. ശശി കല്ലട തീംസോങ് അവതരിപ്പിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി സാദിഖലി മാസ്റ്റർ സ്വാഗതവും ഫിനാൻസ് കൺവീനർ കെ.സി അബ്ദുസ്സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സംഗമത്തോടനുബന്ധിച്ച് സ്‌കൂൾ പുതിയ ദൂരം, പുതിയ സ്വപ്‌നം എന്ന വിഷയത്തിൽ വിഷൻ 2025 ചർച്ച സംഘടിപ്പിച്ചു. ചടങ്ങിൽ സംഘാടകസമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവിന്റെ വഴിയിൽ കുതിക്കുന്ന സ്‌കൂളിനെ യു.പി സ്‌കൂളായി ഉയർത്തണമെന്ന് വിഷൻ 2025 ചർച്ച ആവശ്യപ്പെട്ടു. വിവിധ എസ്.എസി കോളനികളിൽനിന്ന് അടക്കം സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന 1957-ൽ സ്ഥാപിതമായ സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്തണമെന്നും പ്രൈമറി സ്‌കൂളുകളിൽ സ്ഥിരം കായികാധ്യാപകനെ നിയമിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് വിഷൻ 2025 പദ്ധതി അവതരിപ്പിച്ചു. മുൻ പ്രധാനാധ്യാപിക ഇ.പി മെഹറുന്നീസ ടീച്ചർ, വാർഡ് മുൻ മെമ്പർമാരായ എടത്തിൽ അബ്ദുറഹ്മാൻ, ജി അബ്ദുൽ അക്ബർ, സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നീലേശ്വരം ഗവ. എച്ച്.എസിലെ റിട്ട. പ്രധാനാധ്യാപകനുമായ മഞ്ചറ മുഹമ്മദലി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥികളായ വി.പി ശൗഖത്തലി, പി അബ്ദുറഹ്മാൻ, പി ബഷീർ മദനി, സഫിയ്യ തോട്ടത്തിൽ, സി.ടി ആമിന, ഹുസൈൻ കക്കാട് പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സലീം വലിയപറമ്പ് ഉപസംഹാരം നടത്തി. സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ് സ്വാഗതവും വികസനസമിതി കൺവീനർ ടി ഉമ്മർ നന്ദിയും പറഞ്ഞു.
സ്‌കൂളിലെ പൂർവ്വാധ്യാപകൻ അബ്ദു മാസ്റ്റർ കീഴ്പറമ്പിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ബെല്ലോടുകൂടിയായിരുന്നു സംഗമത്തിന്റെ തുടക്കം. സ്‌കൂളിലെ പഴയകാല ക്ലാസ് റൂം അനുഭവങ്ങളുടെ ഓർമപുതുക്കൽ കൂടിയായിരുന്നു ഫസ്റ്റ് ബെൽ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ പഴയ അധ്യാപകന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറിയിൽ ഇടപഴകിയതിന്റെ മധുരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ഇടപെടലായി ഫസ്റ്റ്‌ബെൽ. ആദ്യകാല ക്ലാസ് റൂം പുനരാവിഷ്‌കരിച്ച പ്രസ്തുത പരിപാടി സംഗമത്തിന് എത്തിയവരെയെല്ലാം തങ്ങളുടെ ബാല്യകാലങ്ങളിലേക്ക് കൊണ്ടുപോകും വിധമായിരുന്നു ക്രമീകരിച്ചത്.
നാടിന് ഉത്സവഛായ പകർന്ന സംഗമത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. മെഡിക്കൽ പരിശോധന, പുരാവസ്തു രേഖകളുടെ പ്രദർശനം, മിഠായി കച്ചവടം, മക്കാനി തുടങ്ങിയവയ്ക്ക് പ്രത്യേകം സ്റ്റാളും ഒരുക്കിയിരുന്നു. റിയാസ് തോട്ടത്തിൽ, റഹീം വടക്കയിൽ, നൗഷാദ് കുയ്യിൽ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
വർഷങ്ങൾക്കുശേഷം തങ്ങളുടെ പഴയ കളിക്കൂട്ടുകാരെയും കൂട്ടുകാരികളെയും കാണാനായതിന്റെ നിറഞ്ഞ സന്തോഷത്തോടൊപ്പം സ്‌കൂളിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മനസ്സറിഞ്ഞ പിന്തുണ പ്രഖ്യാപിച്ചാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒഴുകിയെത്തിയ പൂർവ്വ വിദ്യാർത്ഥികൾ പിരിഞ്ഞത്. പരസ്പര സ്‌നേഹവും സൗഹാർദ്ദവും പുതുക്കി നാടിന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങളിൽ കൂടുതൽ ചേർന്നുനിന്ന് പ്രവർത്തിക്കാമെന്ന പ്രതിജ്ഞ സ്വയം പുതുക്കുകയായിരുന്നു സംഗമത്തിൽ പങ്കാളികളായ ഓരോരുത്തരും.
Post a Comment