May 31, 2023

സാബു ജേക്കബിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ; അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന ഹര്‍ജിയിൽ


കൊച്ചി: അരിക്കൊമ്പന് ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്നും കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കൊമ്പനെ തമിഴ്നാട്ടിലെ ഉൾക്കാട്ടിലേക്ക് തമിഴ്നാട് വനംവകുപ്പ് കൊണ്ടുവിട്ട് കൊള്ളുമെന്ന് ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ്നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്നു കോടതി ചോദിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ തമിഴ്നാട് വനം വകുപ്പിനാണ് എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ നിയമപരമായ അധികാരമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സാബു എം ജേക്കബിന്റെ ഹർജി തള്ളുകയായിരുന്നു. ഹർജിക്കാരന് വേണമെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.


ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്‍കണമെന്നുമായിരുന്നു സാബു ജേക്കബ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് തമിഴ്‌നാട് വനമേഖലയിലാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കില്‍ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കവെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി സാബു ജേക്കബിനെതിരെ നടത്തിയത്.


അരിക്കൊമ്പനെ തമിഴ്‌നാട്ടിലെ ഉള്‍വനത്തിലേക്ക് തന്നെ അയക്കുമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതിന്റെ ഉദ്ദേശമെന്താണെന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. തമിഴ്‌നാട് വനം വകുപ്പ് ആനയെ ഉപദ്രവിച്ചതായി പരാതിയുണ്ടോയെന്ന് സാബു ജേക്കബിനോട് കോടതി ചോദിച്ചു. കൂടാതെ അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

അതേസമയം, ആനയെ പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട് പോവുകയാണ്. ഷണ്‍മുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നാണ് വിവരം. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നീക്കങ്ങളുമായാണ് തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only