മലപ്പുറം: രാത്രി ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. കഴിഞ്ഞ ജനുവരിയില്‍ വേങ്ങരയിലാണു സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തില്‍ സാരികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം ആസൂത്രണം ചെയ്ത കാമുകനായ ബിഹാര്‍ സോന്‍പുര്‍ സ്വദേശി ജയ് പ്രകാശിനെയാണു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പട്നയിലെ സോന്‍പുരില്‍നിന്ന് അറസ്റ്റു ചെയ്തത്.
ബിഹാര്‍ സ്വദേശി സഞ്ജിത്ത് പാസ്വാന്‍ (33) ആണ് വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മരണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭിവിക മരണമായി വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ടയാളുടെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
കുറ്റം സമ്മതിച്ച പൂനം ദേവി
പ്രതിയായ പൂനം ദേവിയെ ചോദ്യം ചെയ്തതില്‍ ബിഹാറില്‍ തനിക്ക് കാമുകന്‍ ഉണ്ടെന്നും കാമുകനുമായി ഒരുമിച്ചു ജീവിക്കാന്‍ കാമുകന്‍ പറഞ്ഞ രീതിയില്‍ ആണ് ഭര്‍ത്താവിനെ കൊന്നതെന്നു കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതിയായ പൂനം ദേവിയുടെ കാമുകന്‍ ജയ് പ്രകാശിനെ ബിഹാറിലെ പട്നയിൽനിന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു
Post a Comment