കോടഞ്ചേരി: പതങ്കയത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് പുഴയിൽ കുടുങ്ങിയ രണ്ടുപേർക്ക് രക്ഷപ്പെടാൻ ആയത് ഭാഗ്യം കൊണ്ട് മാത്രം. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഉൾക്കാട്ടിൽ മഴ പെയ്താൽ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമെന്ന് പലപ്പോഴും പുറമേ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് അറിയില്ല. പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പുകൾ പലപ്പോഴും ഇവർ അവഗണിക്കുകയാണ് പതിവ്.
ഇന്നും പതിവുപോലെ മുന്നറിയിപ്പുകൾ അവഗണിച്ച് പുഴയിലിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. സെക്കന്റുകൾക്കുള്ളിൽ മലവെള്ളം പാഞ്ഞ് എത്തി. രക്ഷപ്പെടാൻ കഴിയാതെ പ്രാണരക്ഷാർത്ഥം പുഴയുടെ നടുവിലുള്ള പാറയിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടത്.
ഇരുപതിലധികം മരണങ്ങളാണ് ഇതിനോടകം വെള്ളച്ചാട്ടത്തിൽ മാത്രം നടന്നിട്ടുള്ളത്. നാട്ടുകാരും അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് പലപ്പോഴും അപകടം ഉണ്ടാകാൻ കാരണം.
വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ സമീപവാസികളുടെ കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നതായി നിരവധി പരാതികൾ ഉണ്ട്. സഞ്ചാരികളുടെ പണവും പേഴ്സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോകുന്നത് ഇവിടെ പതിവാണ്..
അടിയന്തരമായി വെള്ളച്ചാട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. റിപ്പോർട്ട്.. ലൈജു നെല്ലിപൊയിൽ
Post a Comment